ബിഹാറില്‍ ഇന്ന് സത്യപ്രതിജ്ഞ; അമിത് ഷാ പങ്കെടുക്കും

പട്‌ന: ബിഹാറില്‍ ഇന്ന് വൈകിട്ട് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാലരക്ക് രാജ് ഭവനില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ്. സത്യപ്രതിജ്ഞ ചടങ്ങില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയടക്കമുള്ള നേതാക്കളും പങ്കെടുക്കും.

ജെഡിയുവിന്റെ പ്രകടനം തെരഞ്ഞെടുപ്പില്‍ മോശമായിരുന്നെങ്കിലും നിതീഷ് കുമാറിനെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ എന്‍ഡിഎ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ആഭ്യന്തരമടക്കമുള്ള പ്രധാന വകുപ്പുകള്‍ക്കായി ബിജെപി തുടക്കത്തില്‍ പരിശ്രമിച്ചിരുന്നെങ്കിലും വകുപ്പുകളുടെ കാര്യത്തില്‍ ധാരണയായാണ് മുഖ്യമന്ത്രി പദവി ഏറ്റെടുത്തതെന്ന് നിതീഷ് യോഗത്തിന് ശേഷം പറഞ്ഞിരുന്നു.

മന്ത്രിസഭയില്‍ ഉപ മുഖ്യമന്ത്രിയായി സുശീല്‍ കുമാര്‍ മോദിക്ക് പകരം മുതിര്‍ന്ന ദളിത് നേതാവും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അംഗവുമായ കാമേശ്വര്‍ ചൗപാലിന്റെ പേരാണ് ബി.ജെ.പി. ആലോചിക്കുന്നത്. കറ്റിഹാറില്‍ നിന്നുള്ള എംഎല്‍എ താര കിഷോര്‍ പ്രസാദിനെ നിയമസഭ കക്ഷി നേതാവായും, ബേട്ടിയ എംഎല്‍എ രേണു ദേവിയെ ഉപനേതാവായും തെരഞ്ഞെടുത്തതായി ബിജെപി വ്യക്തമാക്കി.

ഉത്തര്‍ പ്രദേശ് മാതൃകയില്‍ രണ്ട് ഉപനേതാവെന്ന രീതിയിലേക്കും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. സ്പീക്കര്‍ പദവിക്ക് ബിജെപിയും ജെഡിയുവും ഒരു പോലം അവകാശവാദം ഉന്നയിക്കുന്നുണ്ട്. വകുപ്പ് വിഭജനം സംബന്ധിച്ചും അന്തിമ തീരുമാനമായിട്ടില്ലെന്നാണ് സൂചന.

Content Highlight: Nitish Kumar take oath as Bihar CM today