സാധാരണ റഫ്രിജറേറ്റര്‍ താപനിലയില്‍ 30 ദിവസം വരെ മോഡേണ കൊവിഡ് വാക്‌സിന്‍ സൂക്ഷിക്കാം: റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ മോഡേണ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ 30 ദിവസം വരെ റഫ്രിജറേറ്ററില്‍ സാധാരണ താപനിലയില്‍ സൂക്ഷിക്കാന്‍ കഴിയുമെന്ന് മരുന്ന് നിര്‍മ്മാതാക്കള്‍. വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദമാണെന്നും മോഡേണ അവകാശപ്പെട്ടിരുന്നു. ആഴ്ച്ചകള്‍ക്കുള്ളില്‍ യുഎസിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വാക്‌സിന് അടിയന്തിര അംഗീകാരത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

ഫൈസര്‍ പോലുള്ള കൊവിഡ് മരുന്ന് നിര്‍മാണ കമ്പനികള്‍ വാക്‌സിന് 70 ഡിഗ്രി താപനില ആവശ്യമാണെന്ന് ഉന്നയിക്കുമ്പോഴാണ് മോഡേണ വാക്‌സിന്‍ സാധാരണ താപനില മതിയെന്ന റിപ്പോര്‍ട്ട് നല്‍കുന്നത്. മൊഡേണ വാക്സിന്‍ കൊവിഡിനെതിരെയുള്ള ഫലപ്രദവും സുരക്ഷിതവുമായ ആദ്യ വാക്സിനാണെന്നാണ് വിലയിരുത്തല്‍. വര്‍ഷാവസാനത്തോടെ 20 ദശലക്ഷം ഡോസുകള്‍ കയറ്റി അയക്കാന്‍ സാധിക്കുമെന്നതാണ് കമ്പനിയുടെ പ്രതീക്ഷ.

യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ സഹകരണത്തോടെ ഉല്പാദിപ്പിച്ച മൊഡേണ വാക്സിന്‍ 28 ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് നല്‍കുന്നത്. വാക്സിന്‍ നല്‍കിയ 30,000 കോവിഡ് ബാധിതരില്‍ 95 പേരുടെ ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക ഫലം തയ്യാറാക്കിയിരിക്കുന്നത്.

Content Highlight: Moderna says Covid vaccine stable at refrigerator temperature for 30 days