ബിഹാറിൽ അധികാരമേറ്റ ജെഡിയു-ബിജെപി മന്ത്രിസഭയിൽ 57 ശതമാനം പേരും ക്രിമിനൽ കേസുകളിൽ പ്രതികളായവരെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്. മന്ത്രിസഭയിലെ 14 പേരിൽ 8 പേരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. നാല് പേർ ബിജെപിയിൽ നിന്നും 3 പേർ ജെഡിയുവിൽ നിന്നുമുള്ള അംഗങ്ങളാണ്. ഹിന്ദുസ്ഥാനി അവാം മോർച്ച് സെക്യുലറിലെയും വികാശീൽ പാർട്ടിയിലെയും ഒരോ അംഗങ്ങൾ വീതവും ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
അതേസമയം മന്ത്രിസഭയിലെ 13 പേർ കോടിപതികളാണ്. ഇവരുടെ ശരാശരി ആസ്തി 3.93 കോടിയാണ്. ഏറ്റവും കൂടുതൽ ആസ്തിയുള്ളത് താരാപൂർ മണ്ഡലത്തിൽ നിന്നുള്ള മേവ ലാൽ ചൌധരിക്കാണ്. 12.31 കോടിയാണ് രേഖകളിൽ കാണിച്ചിരിക്കുന്ന ഇദ്ദേഹത്തിൻ്റെ ആസ്തി. മന്ത്രിമാരിൽ ഏറ്റവും കുറവ് ആസ്തി ഉള്ളത് അശോക് ചൌധരിയ്ക്കാണ്. 72.89 ലക്ഷമാണ് ഇദ്ദേഹത്തിൻ്റേത്. നിതീഷ് കുമാർ മന്ത്രിസഭയിലെ മന്ത്രിമാരിൽ 4 മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യത എട്ടു മുതൽ 12ാം ക്സാസ് വരെയാണ്. 10 പേർ ബിരുദധാരികളൊ അതിൽ കൂടുതലോ വിദ്യാഭ്യാസമുള്ളവരാണ്. 14 മന്ത്രിമാരിൽ രണ്ട് പേരാണ് വനിതകൾ.
content highlights: 57 Percent Bihar Ministers Have Declared Criminal Cases Against Them: Report