1995ലെ ഡയാന രാജകുമാരിയുടെ വിവാദ അഭിമുഖത്തെക്കുറിച്ച് കാൽ നൂറ്റാണ്ടിന് ശേഷം അന്വേഷണം ചെയ്യാനൊരുങ്ങി ബിബിസി

BBC Announces Probe Into Explosive 1995 Princess Diana Interview

ഡയാന രാജകുമാരിയുമായി 1995ൽ നടത്തിയ അഭിമുഖത്തെക്കുറിച്ച് ബിബിസി കാൽനൂറ്റാണ്ടിന് ശേഷം വീണ്ടും അന്വേഷണം നടത്തുന്നു. ഡയാന രാജകുമാരി പലതും തുറന്നു പറയാൻ വേണ്ടി അഭിമുഖം നടത്തിയ മാർട്ടിൻ ബാഷീർ തെറ്റായ രീതികൾ ഉപയോഗിച്ചുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് ബിബിസി അന്വേഷണത്തിന് ഉത്തരവിട്ടത്. സുപ്രീം കോടതി ജഡ്ജി ജോൺ ഡെെസണാണ് അന്വേഷണത്തിന് നേതൃത്വം നൽകുക. അന്വേഷണത്തെ ഡയാനയുടെ മകൻ വില്യം രാജകുമാരൻ സ്വാഗതം ചെയ്തു. 

നേരത്തെ ബിബിസി ഇത് സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടത്തുകയും മാർട്ടിൽ ബാഷിറിനെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാൽ ഡയാനയുടെ സഹോദരൻ ചാൾസ് സ്പെൻസറാണ് ഇപ്പോൾ വീണ്ടും ആരോപണവുമായി രംഗത്തുവന്നത്. തെറ്റായ രീതികൾ ഉപയോഗിച്ചാണ് അഭിമുഖം നടത്തിയെടുത്തതെന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം. 1995ൽ സംപ്രേഷണം ചെയ്ത ഡയാന രാജകുമാരിയുടെ അഭിമുഖം അന്ന് വലിയ വിവാദമായിരുന്നു. ചാൾസ് രാജകുമാരനുമായുള്ള വിവാഹത്തിൽ പ്രശ്നങ്ങൾ ഉള്ള കാര്യം ഡയാന രാജകുമാരി ഈ അഭിമുഖത്തിലാണ് സമ്മതിക്കുന്നത്. കാമില പാർക്കർ ബൌൾസുമായി ചാൾസ് രാജകുമാരന് ബന്ധമുണ്ടെന്നും അവർ ആരോപിച്ചിരുന്നു. 2.28 കോടി ആളുകളാണ് അഭിമുഖം കണ്ടത്. 1996ൽ ഡയാനയും ചാൾസും വേർപിരിയുകയും ചെയ്തു. 1997ൽ പാരീസിൽ നടന്ന വാഹനാപകടത്തിൽ ഡയാന കൊല്ലപ്പെടുകയും ചെയ്തിരുന്നു. 

ഈക്കാര്യങ്ങളൊക്കെ പല രീതിയിലുള്ള മാർഗങ്ങൾ ഉപയോഗിച്ചാണ് ഡയാന രാജകുമാരിയെ കൊണ്ട്  അഭിമുഖത്തിൽ സമ്മതിപ്പിച്ചതെന്നാണ് ആരോപണം. ഡയാനയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിന് ചിലർക്ക് പണം നൽകിയെന്ന് തെളിയിക്കുന്നതിന് വ്യാജ ബാങ്ക് രേഖകൾ ഉപയോഗിച്ചുവെന്നാണ് സഹോദരൻ്റെ ആരോപണം. ഈക്കാര്യത്തിൽ ബാഷിറിൻ്റെ പങ്കിനെ കുറിച്ചാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്. 

content highlights: BBC Announces Probe Into Explosive 1995 Princess Diana Interview