പാലാരിവട്ടം പാലം അഴിമതി കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത

chance of more arrest in Palarivatom case today

പാലാരിവട്ടം പാലം കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത. പാലം രൂപകൽപ്പന ചെയ്ത ബെംഗ്ളൂരുവിലെ നാഗേഷ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ ഉടമ നാഗേഷിനെ വിജിലൻസ് ബുധനാഴ്ച മുതൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്. നേരത്തെയും നാഗേഷിനെ പല തവണ കൊച്ചിയിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ ഉണ്ടായേക്കുമെന്നാണ് സൂചന. ബുധനാഴ്ച വിജിലൻസ് അറസ്റ്റ് ചെയ്ത മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ കൂടുതൽ കണ്ടെത്തലുകളിലേക്ക് വിജിലൻസ് നീങ്ങിയതായാണ് റിപ്പോർട്ട്.

പാലത്തിന്റെ രൂപ കൽപ്പനയിൽ ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുള്ളതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇബ്രാഹിം കുഞ്ഞിന്റെ നാല് ദിവസത്തെ കസ്റ്റഡി ആവശ്യപെട്ട് നൽകിയ അപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. അതോടൊപ്പം ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും പരിഗണിക്കുന്നുണ്ട്. റിമാൻഡിലുള്ള ഇബ്രാഹിംകുഞ്ഞ് ചികിത്സയിൽ കഴിയുന്ന ലേക്ഷോർ ആശുപത്രിയിൽ ഡോക്ടർമാരുടെ വിദഗ്ദ സംഘമടങ്ങുന്ന മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ സാധ്യതയുണ്ട്. മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.

Content Highlights; chance of more arrest in Palarivatom case today