സമുദായ സ്പർധ സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ കേസിൽ കങ്കണക്കും സഹോദരിക്കുമെതിരെ മൂന്നാമതും നോട്ടീസ്

Kangana Ranaut and sister Rangoli Chandel summoned by Mumbai police for the third time

സമുദായ സ്പർധ സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസ്താവന സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ കേസിൽ കങ്കണ റണാവത്തിനും സഹോദരി രംഗോലി ചന്ദേലിനും മുംബൈ പോലീസിന്റെ നോട്ടീസ്. മൂന്നാം തവണയാണ് ഈ വിഷയവുമായി ബന്ധപെട്ട് രണ്ട് പേരേയും പോലീസ് വിളിപ്പിക്കുന്നത്. ഈ മാസം 23, 24 തീയതികളിൽ ബാന്ദ്ര പോലീസിനു മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം.

ഒക്ടോബർ 26, 27 തീയതികളിലും അതിനു ശേഷം നവംബർ 9,10 തീയതികളിലും ഹാജരാകണമെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ രണ്ട് തവണയും ഹാജരാകത്തതിന്റെ പശ്ചാത്തലത്തിലാണ് മൂന്നാമതും വിളിപ്പിക്കുന്നത്. സഹോദരന്റെ വിവാഹത്തിന്റെ തിരക്കിലാണെന്നും നവംബർ 15 നു ഹാജരാകാമെന്നുമായിരുന്നു ഇരുവരും അറിയിച്ചിരുന്നത്.

സമുദായങ്ങൾ തമ്മിൽ ശത്രുത വളർത്തുന്ന തരത്തിലുള്ള പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നായിരുന്നു രണ്ട് പേർക്കും എതിരായ കുറ്റം. ബോളിവുഡ് കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്നസ് ട്രെയ്നറുമായ മുനാവർ അലി സയ്യിദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.

Content Highlights; Kangana Ranaut and sister Rangoli Chandel summoned by Mumbai police for the third time