മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജമാഅത്തെ ഉദ്ദവ തലവൻ ഹാഫീസ് സയിദിന് പാകിസ്ഥാൻ കോടതി പത്ത് വർഷം തടവു ശിക്ഷ വിധിച്ചു. ഭീകര പ്രവർത്തനത്തിന് പണം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ. ഹഫീസ് സയിദ് ഉൾപെടെ ജമാഅത്തെ ഉദ്ദവയുടെ നാല് നേതാക്കളെ ലാഹോറിലെ കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹഫീസിനും അനുയായികളായ സഫർ ഇഖ്ബാലിനും യഹ്യ മുജാഹിദിനും പത്ത് വർഷം വീതം തടവാണ് ശിക്ഷ.
ഹഫീസിന്റെ ഭാര്യാ സഹോദരൻ അബ്ദുൽ റഹ്മാൻ മക്കിക്ക് ആറ് മാസത്തെ തടവാണ് വിധിച്ചത്. ഹഫീസിനെ യുഎസും ഐക്യരാഷ്ട്ര സഭയും നേരത്തെ ആഗോള ഭീകരന്മാരായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കോടി ഡോളർ ആണ് അമേരിക്ക ഹഫീസിന്റെ തലക്ക് വിലയിട്ടിട്ടുള്ളത്. 2008 ൽ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹഫീസ്. പാക് കോടതി നേരത്തേയും ഹഫീസിനെ ഭീകരവാദ കേസിൽ ശിക്ഷിച്ചിട്ടുണ്ട്. ആഗോള സമ്മർദത്തെ തുടർന്നാണ് പാകിസ്ഥാൻ ഹഫീസിനെ ജയിലിലടച്ചത്.
Content Highlights; Pak Court Sentences JuD Chief Hafiz Saeed To 10 Years In Jail