തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ആവശ്യപ്പെട്ട കെ ബി ഗണേശ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി അറസ്റ്റിലായതിന് പിന്നാലെ കേസില്‍ സ്വാദീനിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് മറ്റൊരു സാക്ഷിയും പൊലീസില്‍ പരാതി നല്കി. തൃശൂര്‍ ചുവന്നമണ്ണ് സ്വദേശി ജെന്‍സണാണ് ദിലീപിനെതിരായ മൊഴി മാറ്റിയാല്‍ 25 ലക്ഷം രൂപയം അഞ്ച് സെന്റ് സ്ഥലവും നല്‍കാമെന്ന് പ്രതിഭാഗം വാദാനം ചെയ്തതായി പൊലീസില്‍ പരാതി നല്‍കിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴി മാറ്റി പറയില്ലെന്ന് ജെന്സണ് ഉറപ്പിച്ചു പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ ജയിലിലെ സഹതടവുകാരനായിരുന്നു ജെന്സണ്. മോഷണക്കുറ്റവുമായി ബന്ധപ്പെട്ടാണ് ജെന്സണ് ജയിലിലായത്. സെല്ലില്‍ വച്ച് സുനിയുമായി നല്ല സൗഹൃദമുണ്ടായി. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പള്‍സര്‍ സുനി ജെന്‍സണോട് പറഞ്ഞെന്നും, ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചതെന്നും, അത് ക്വട്ടേഷനായിരുന്നുവെന്നും സുനി പറഞ്ഞെന്നും ജെന്സണ് പിന്നീട് പുറത്തുവന്ന ശേഷം പൊലീസിന് മൊഴി നല്കി. ഇത് കേസന്വേഷണത്തില്‍ നിര്‍ണായകമായിരുന്നു.
ദിലീപിന്റെ അഭിഭാഷകന്റെ നിര്‍ദ്ദേശ പ്രകാരം കൊല്ലം സ്വദേശി നാസറെന്നയാളാണ് തന്നെ വിളിച്ചതെന്നാണ് ജെന്‍സണിന്റെ പരാതി. തിങ്കളാഴ്ച്ച തൃശൂര്‍ പീച്ചി സ്റ്റേഷനിലാണ് ജെന്സണ് മൊഴി നല്‍കിയത്. സ്ഥിരമായി വിളിച്ച് സ്വാദീനം ചെലുത്താന്‍ ശ്രമിച്ചതോടെയാണ് പരാതിയുമായി ജെന്സണ് പൊലീസിനെ സമീപിച്ചത്. എന്നാല്‍ എത്ര സ്വാധീനിക്കാന്‍ ശ്രമിച്ചാലും മൊഴി മാറ്റില്ലെന്ന് ജെന്സണ് പറഞ്ഞു.
Content Highlight: Actress abduction case: Jenson, a witness in the case, accused of trying to influence him