നിർഭയയുടെ കഥ പറഞ്ഞ ഡൽഹി ക്രെെം സീരിസിന് അന്താരാഷ്ട്ര എമി അവാർഡ്

Netflix show ‘Delhi Crime’ wins International Emmy for Best Drama Series

ഡൽഹി നിർഭയ കേസിനെ ആസ്പദമാക്കി ഒരുക്കിയ സീരിസ് ‘ഡൽഹി കെെമി’ന് അന്താരാഷ്ട്ര എമി പുരസ്കാരം. മികച്ച ഡ്രാമ സീരിസിനുള്ള പുരസ്കാരമാണ് ലഭിച്ചത്. അന്താരാഷ്ട്ര എമി അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ സീരിസാണ് ഡൽഹി ക്രെെം. നെറ്റ്ഫ്ലിക്സ് ഒറിജിനൽ സീരിസായ ഡൽഹി ക്രെെം സംവിധാനം ചെയ്തിരിക്കുന്നത് റിച്ചി മെഹ്തയാണ്. 2012ൽ ഇന്ത്യയിൽ ഏറെ ചർച്ചയായ ഡൽഹി പീഡനക്കേസിലെ അന്വേഷണമാണ് സീരിസിൽ ചിത്രീകരിച്ചിരിക്കുന്നത്. 

അഞ്ച് ദിവസത്തിനുള്ളിൽ എങ്ങനെയാണ് പൊലീസ് എല്ലാ പ്രതികളേയും പിടികൂടിയതെന്നും ഇതിനിടയിൽ പൊലീസ് നേരിടേണ്ടിവന്ന വിവിധ പ്രതിസന്ധികളുമാണ് സീരിസിൽ പറയുന്നത്. പ്രധാന കഥാപാത്രമായ കേസ് അന്വേഷിക്കുന്ന വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ വർത്തിക ചതുർവേദിയായെത്തിയത് ഷെഫാലി ഷാ ആയിരുന്നു. അവാർഡ് നിർഭയ്ക്കും അമ്മയ്ക്കും സമർപ്പിക്കുന്നതായി റിച്ചി മെഹ്ത പറഞ്ഞു. പുരുഷന്മാരിൽ നിന്നും നിരവധി പീഡനങ്ങൾ നേരിടേണ്ടി വരുന്നത് കൂടാതെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കൂടി കാണേണ്ടി വരുന്ന എല്ലാ സ്ത്രീകൾക്കുമായി ഈ അവാർഡ് സമർപ്പിക്കുന്നുവെന്നും റിച്ചി മെഹ്ത പറഞ്ഞു.  

റിലീസായ സമയം മുതല്‍ മികച്ച അഭിപ്രായവും അവാര്‍ഡുകളും നേടിയിട്ടുണ്ടെങ്കിലും ഡല്‍ഹി ക്രൈമിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഡല്‍ഹി പൊലീസിനെ മഹത്വവത്കരിക്കുന്ന രീതിയിലാണ് സീരിസ് ഒരുക്കിയിരിക്കുന്നതെന്നും പല വസ്തുകളും വളച്ചൊടിച്ചിരിക്കുകയാണെന്നും ആരോപണമുയര്‍ന്നിരുന്നു.

content highlights: Netflix show ‘Delhi Crime’ wins International Emmy for Best Drama Series