മുതിർന്ന് കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിൻ്റെ വിയോഗത്തിൽ അനുസ്മരണം രേഖപ്പെടുത്തി കോൺഗ്രസ് നേതാക്കൾ. തനിക്ക് പകരക്കാരനില്ലാത്ത സുഹൃത്തിനേയും വിശ്വസ്തനായ സഹപ്രവർത്തകനേയുമാണ് നഷ്ടപ്പെട്ടതെന്ന് സോണിയ ഗാന്ധി പറഞ്ഞു. അദ്ദേഹത്തിൻ്റെ സ്വഭാവ സവിശേഷതകൾ അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തി. വിശ്വാസ്യതയും പ്രതിബന്ധതയും സമർപ്പണ മനോഭാവവുമുള്ള വ്യക്തിമായിരുന്നു അദ്ദേഹമെന്നും സോണിയ ഗാന്ധി അനുസ്മരിച്ചു.
അഹമ്മദ് പട്ടേലിൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. അഹമ്മദ് പട്ടേൽ കോൺഗ്രസിന് നൽകിയ സംഭാവനകൾ മറക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അഹമ്മദ് പട്ടേൽ ജീവിച്ചത് കോൺഗ്രസിന് വേണ്ടിയായിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അഹമ്മദ് ജിയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങളോട് അനുശോചനമറിയിക്കുന്നു എന്നായിരുന്നു പ്രിയങ്ക ഗാന്ധി പറഞ്ഞത്.
ഇന്ന് പുലർച്ചെ 3.30നാണ് ഡൽഹിയിലെ ആശുപത്രിയിൽ വെച്ച് അഹമ്മദ് പട്ടേൽ മരിക്കുന്നത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആരോഗ്യ സ്ഥിതി മോശമായിരുന്നു. 1977ൽ യൂത്ത് കോൺഗ്രസ് നേതാവായിരിക്കെയാണ് ഗുജറാത്തിലെ ഭറോച്ചിൽ നിന്ന് ആദ്യമായി അദ്ദേഹം ലോക്സഭയിലെത്തുന്നത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിൻ്റെ ഉപദേഷ്ടാക്കളിലൊരാളായി പ്രവർത്തിച്ചിരുന്ന അഹമ്മദ് പട്ടേൽ 1998 മുതൽ കോൺഗ്രസ് പ്രസിഡൻ്റായ സോണിയാ ഗാന്ധിയുടെ ദീർഘകാല ഉപദേഷ്ടാവും പൊളിറ്റിക്കൽ സെക്രട്ടറിയും കോൺഗ്രസ് ട്രഷററുമായിരുന്നു. ട്രബിൾ ഷൂട്ടർ, ക്രെെസിസ് മാനേജർ തുടങ്ങിയുള്ള വിശേഷണങ്ങൾക്ക് പുറമെ യുപിഎ സർക്കാർ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള വ്യക്തികൂടിയായിരുന്നു അദ്ദേഹം. മൂന്ന് തവണ ലോക്സഭയിലേക്കും അഞ്ച് തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
content highlights: Congress veteran Ahmed Patel succumbs to post-Covid complications at 71