ന്യൂസിലാൻഡിൽ 120 ലധികം തിമിംഗലങ്ങൾ കൂട്ടത്തോടെ ചത്തു കരയ്ക്കടിഞ്ഞു

More than 120 whales die in a mass stranding on the Chatham Islands

പസഫിക് സമുദ്രത്തിലെ ചാത്തം ദ്വീപിൽ 120 ലധികം തിമിംഗലങ്ങൾ കൂട്ടത്തോടെ ചത്തു കരയ്ക്കടിഞ്ഞു. 97 തിമിംഗലങ്ങളും മൂന്ന് ഡോൾഫിനുകളുമാണ് കൂട്ടത്തോടെ ചത്തു കരയ്ക്കടിഞ്ഞത്. ന്യൂസിലാൻഡിൽ നിന്ന് ഏറെ ദൂരെ ഒറ്റപ്പെട്ട ദ്വീപായതിനാലും പ്രതികൂല സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാലും ജീവൻ അവശേഷിച്ച 28 തിമിംഗലങ്ങളെയും മൂന്ന് ഡോൾഫിനുകളേയും കൊലപ്പെടുത്തേണ്ടി വന്നുവെന്നും ന്യൂസിലൻഡ് പരിസ്ഥിതി വകുപ്പ് അധികൃതർ പറഞ്ഞു. കടൽ പ്രക്ഷുപ്തമായതിനാലും മറ്റ് തിമിംഗലങ്ങളുടെ സാന്നിധ്യം ഉള്ളതിനാലും കരയിൽ എത്തിയ തിമിംഗലങ്ങളെ കടലിലേക്ക് തിരിച്ചുവിടാൻ കഴിയാത്തതിനാലും അവയെ കൊലപ്പെടുത്തേണ്ടിവന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

ചത്താം ദ്വീപിൽ തിമിംഗലങ്ങൾ കൂട്ടത്തോടെ ചത്ത് കരയ്ക്കടിയുന്നത് പതിവാണെന്ന് അധികൃതർ പറയുന്നു. എല്ലാ വർഷവും ശരാശരി 300ലേറെ ഡോൾഫിനുകളും തിമിംഗലങ്ങളും ന്യൂസിലൻഡ് തീരങ്ങളിൽ ചത്ത് കരയ്ക്കടിയാറുണ്ട്. 1918ൽ 1000 സമുദ്ര ജീവികൾ കരയ്ക്കടിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. രോഗബാധ, ഭൂമിശാസ്ത്രപരമായ കാരണങ്ങൾ, അപ്രതീക്ഷിത വേലിയേറ്റങ്ങൾ, സഞ്ചരിക്കുന്നതിനിടെ ദിശ തെറ്റിപോകൽ, ശത്രുക്കളിൽ നിന്ന് രക്ഷപെടുത്തുന്നതിനുള്ള പലായനം, കലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം കരയിലെത്തുന്നതിന് കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 

content highlights: More than 120 whales die in a mass stranding on the Chatham Islands