കേന്ദ്ര സർക്കാർ ജനവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികൾ; ദേശീയ പണിമുടക്ക് ആരംഭിച്ചു

India nationwide strike began today 

കേന്ദ്ര സർക്കാർ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സംയുക്തമായി നടത്തുന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. ബി.എം.എസ് ഒഴികെയുള്ള പത്ത് തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ ഒന്നര കോടിയിലേറെ ജനങ്ങൾ പണിമുടക്കിൽ പങ്കാളികളാകുമെന്ന് സംയുക്ത സമിതി അറിയിച്ചു. കേന്ദ്ര സർക്കാർ ജീവനക്കാരുൾപ്പെടെ 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൻ്റെ ഭാഗമാകും.

വ്യാപാരമേഖല തൊഴിലാളികളും പണിമുടക്കിൽ അണിചേരുന്നതിനാൽ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. ടൂറിസം മേഖല, പാൽ പത്ര വിതരണം, ആശുപത്രി എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകളുടെ പ്രവർത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും പണിമുടക്ക് ബാധിക്കില്ല. ഓൾ ഇന്ത്യ പവർ എൻജിനീയേഴ്സ് ഫെഡറേഷനും ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. 

ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, ഹിന്ദ് മസ്ദൂര്‍ സഭ, സി.ഐ.ടി.യു, ഓള്‍ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയന്‍ സെന്റര്‍, ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്‍ സെന്റര്‍, സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ്, ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷന്‍, യുണൈറ്റഡ് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.  കെഎസ്ആർടിസി, ബിഎസ്എൻഎൽ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. 

content highlights: India nationwide strike began today