‘നിവാര്‍’ പുതുച്ചേരി തീരം തൊട്ടു; കനത്ത നാശം; വേഗത അടുത്ത മണിക്കൂറുകളില്‍ കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം

ചെന്നൈ: അതിതീവ്ര ചുഴലിക്കാറ്റായി തീരം തൊട്ട നിവാര്‍ ചുഴലിക്കാറ്റ് തീവ്രത കുറഞ്ഞ് ചുഴലിക്കാറ്റായി മാറി. തമിവ്‌നാട് തീരത്ത് നാശം വിതച്ചാണ് നിവാര്‍ പുതുച്ചേരി തീരം തൊട്ടത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ തമിഴ്‌നാട്ടിലുണ്ടായ അഞ്ചാമത്തെ ഏറ്റവും വലിയ ചുഴലി്കാറ്റാണ് നിവാര്‍.

നിവാര്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈയിലും മറ്റ് തീരദേശ ജില്ലകളിലും നിന്ന് ഏതാണ്ട് ഒന്നേകാല്‍ ലക്ഷം പേരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഒഴിപ്പിച്ചത്. 1486 ക്യാമ്പുകളാണ് നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. കടലൂരിന്റെയും പുതുച്ചേരിയുടേയും ഇടയിലൂടെയാണ് ചുഴലിക്കാറ്റിപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ചുഴലിക്കാറ്റ് പൂര്‍ണമായും കരയിലേക്ക് കയറിയതായാണ് റിപ്പോര്‍ട്ട്. വടക്കന്‍ തമിഴ്‌നാട്ടില്‍ ശക്തമായ കാറ്റും മഴയും ഇന്നും തുരുമെന്നാണ് മുന്നറിയിപ്പ്.

തമിഴ്‌നാട്ടില്‍ ഇന്നും പൊതു അവധിയായിരിക്കും. അവശ്യസര്‍വീസുകളല്ലാതെ, കടകളടക്കം ഒരു സ്ഥാപനങ്ങളും ഇന്ന് തുറക്കില്ല. ശനിയാഴ്ച വരെ പുതുച്ചേരിയിലും പൊതു അവധി പ്രഖ്യാപിച്ചു. പുതുച്ചേരിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുണ്ടായ ഇടങ്ങളില്‍ ദുരിതാശ്വാസ പവര്‍ത്തനം നടത്താന്‍ സജ്ജരാണെന്ന് തമിഴ്‌നാട്, പുതുച്ചേരി അധികൃതര്‍ വ്യക്തമാക്കി.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി സര്‍വീസ് നടത്തേണ്ടിയിരുന്ന 10 തീവണ്ടികള്‍ ദക്ഷിണറെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിലെ മൂന്ന് തുറമുഖങ്ങളും അടച്ചു. തീരത്ത് നിര്‍ത്തിയിട്ടിരുന്ന ചില കപ്പലുകള്‍ പുറംകടലിലേക്ക് മാറ്റി. ചെന്നൈ വിമാനത്താവളം രാവിലെ ഏഴ് മണി മുതല്‍ വീണ്ടും തുറന്നു.

Content Highlight: Nivar reached Puduchery