കേന്ദ്ര സർക്കാരിൻ്റെ കാർഷിക നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ അറസ്റ്റ് ചെയ്ത് പാർപ്പിക്കാനായി ഡൽഹിയിലെ ഒൻപത് സ്റ്റേഡിയങ്ങൾ വിട്ടുനൽകണമെന്ന പൊലീസിൻ്റെ ആവശ്യം തള്ളി ആം ആദ്മി സർക്കാർ. ഒരു കാരണവശാലും ഡൽഹി സർക്കാർ സ്റ്റേഡിയങ്ങൾ വിട്ട് നൽകരുതെന്ന് ആം ആദ്മി പാർട്ടിയിലെ വിവിധ നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ നമ്മുടെ രാജ്യത്തെ കർഷകർ കുറ്റവാളികളോ തീവ്രവാദികളോ അല്ലെന്ന് ആം ആദ്മി നേതാവ് രാഘവ് ചദ്ദ പ്രതികരിച്ചു. ഇന്ത്യൻ ഭരണഘടന സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നുണ്ട്. ആർട്ടിക്കിൽ 19(1) പ്രകാരമുള്ള പ്രതിഷേധം ഒരു സ്വാതന്ത്ര ജനാധിപത്യ സമൂഹത്തിൻ്റെ മുഖമുദ്രയാണ്. അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി. കർഷക പ്രതിഷേധങ്ങൾ അടിച്ചമർത്താനുള്ള പൊലീസ് പ്രവർത്തനങ്ങളെ വിമർശിച്ച് നേരത്തെ അരവിന്ദ് കേജ്രിവാൾ രംഗത്തുവന്നിരുന്നു. ജലപീരങ്കികൾ ഉപയോഗിച്ചുള്ള പൊലീസിൻ്റെ അനീതി ന്യായമല്ലെന്നും സമാധാനപരമായ പ്രതിഷേധം അവരുടെ ഭരണഘടനാപരമായ അവകാശമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം കർഷകരെ ഡൽഹിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഡൽഹി പൊലീസ്. ഡൽഹിയിലെ വഴി കോൺഗ്രീറ്റ് സ്ലാബുകളും കമ്പിവേലികളും കൊണ്ട് പൂർണമായി അടച്ചു. കർഷകരെ നിരീക്ഷിക്കാൻ ഡ്രോണുകൾ അടക്കമുള്ള ആധുനിക സംവിധാനങ്ങളും പൊലീസ് സജ്ജമാക്കി.
content highlights: Delhi government rejects cops’ request to turn 9 stadiums into prisons for farmers