കേരളത്തിലെ നമ്പർ വൺ ബാങ്കായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിസർവ് ബാങ്കിൻ്റെ മാർഗ നിർദേശങ്ങൾ അനുസരിച്ച് പ്രോഫഷണൽ രീതിയിൽ കേരളബാങ്ക് പ്രവർത്തിക്കുമെന്നും സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്ക് കേരള ബാങ്ക് പങ്കാളിയാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്ക് ആദ്യ ഭരണസമിതി അധികാരമേറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ബാങ്കിൻ്റെ പ്രസിഡൻ്റായി ഗോപി കോട്ടമുറിക്കലിനെ നിയമിച്ചു. എം.കെ കണ്ണനാണ് വൈസ് പ്രസിഡൻ്റ്. അനന്തമായ സാധ്യതകൾ കേരള ബാങ്കിനുണ്ടെന്നും മലപ്പുറം മാത്രം മാറി നിൽക്കുന്നത് നിർഭാഗ്യകരമാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് കേരള ബാങ്ക് വഴി സംവിധാനം ഒരുക്കും. ഒരു ജില്ലക്ക് മാത്രം ഇത്തരം അനുകൂല്യങ്ങൾ നിഷേധിക്കാൻ കഴിയില്ല. അതിനാൽ മാറി നിൽക്കുന്നവരും ബാങ്കിൻ്റെ ഭാഗമാവണം. മുഖ്യമന്ത്രി പറഞ്ഞു.
2019 നവംബർ 26നാണ് സംസ്ഥാന സഹകരണ ബാങ്കിൽ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിച്ചത്. ഒരു വർഷത്തേക്ക് സഹകരണവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതിക്കായിരുന്നു ചുമതല. വ്യാഴാഴ്ച ഇടക്കാല സമിതിയുടെ കാലാവധി അവസാനിച്ചതോടെയാണ് കേരള ബാങ്ക് സമിതിയിലേക്ക് പ്രഥമ തെരഞ്ഞെടുപ്പ് നടന്നത്. അർബൻ ബാങ്ക്, പ്രാഥമിക വായ്പാസഹകരണ സംഘങ്ങൾ എന്നിവയുടെ പ്രതിനിധികളായി 14 പേരെയാണ് തെരഞ്ഞെടുത്തത്.
content highlights: Kerala State Co-operative Bank Limited