കർഷക പ്രതിഷേധം; ജലപീരങ്കിയിൽ കയറി ടാപ്പ് ഓഫ് ചെയ്ത യുവാവിനെതിരെ വധശ്രമത്തിന് കേസ്

Farmer Protest

കർഷക പ്രതിഷേധത്തിനിടെ പൊലീസിൻ്റെ ജലപീരങ്കിയിൽ കയറി ടാപ്പ് ഓഫ് ചെയ്ത യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്തു. ഹരിയാനയിലെ അംബാലയില്‍ നിന്നുളള നവ്ദീപ് സിങ്ങിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. കര്‍ഷക സംഘടന നേതാവ്‌ ജയ് സിങ്ങിൻ്റെ മകനാണ് നവ്ദീപ്. നിലവിൽ നവ്ദീപിനെതിരെ ചുമത്തിയിരിക്കുന്ന വധശ്രമ കേസ് ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതിന് പുറമെ കലാപശ്രമത്തിനും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നും ആരോപിച്ച് മറ്റ് രണ്ട് കേസുകൾ കൂടി ചുമത്തിയിട്ടുണ്ട്. 

പ്രതിഷേധത്തിനിടെ പ്രയോഗിച്ച ജലപീരങ്കി കർഷകരെ ബുദ്ധിമുട്ടുണ്ടാക്കുന്നത് കണ്ടപ്പോൾ താൻ ടാപ്പ് അടച്ചതല്ലാതെ ഒരു ക്രമിനൽ പ്രവർത്തനവും നടത്തിയിട്ടില്ലെന്ന് നവ്ദീപ് മാധ്യമങ്ങളോട് പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കുന്ന ഞങ്ങള്‍ ഡല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിക്കണമെന്ന്  മാത്രമാണ് പോലീസിനോട് പറഞ്ഞത്. സര്‍ക്കാരിനെ ചോദ്യം ചെയ്യാനുള്ള എല്ലാ അവകാശവും ഞങ്ങള്‍ക്കുണ്ട്. ജനവിരുദ്ധ നയം സര്‍ക്കാര്‍ പാസാക്കിയിട്ടുണ്ടെങ്കില്‍ അതിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശവുമുണ്ട്.  നവ്ദീപ് പറഞ്ഞു.

നീലനിറത്തിലുളള ജാക്കറ്റ് ധരിച്ച് ജലപീരങ്കിക്ക് മുകളില്‍ കയറി ടാപ്പ് ഓഫ് ചെയ്ത ശേഷം കര്‍ഷകരുടെ ട്രാക്ടര്‍ ട്രോളിയിലേക്ക് ചാടിയിറങ്ങിയ നവ്ദീപിനെ ഹീറോയെന്നാണ് സാമൂഹ്യ മാധ്യമങ്ങൾ വിളിച്ചത്. 

content highlights: Farmer Protest “Hero” Who Turned Off Water Cannon Charged With Attempt To Murder