സംസ്ഥാനത്തെ കെഎസ്എഫ്ഇ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്. ഗുരുതര ക്രമക്കേടുകൾ റെയ്ഡിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ചിട്ടികളിൽ ആളുകളുടെ എണ്ണം പെരുപ്പിച്ച് കാട്ടി ചില മാനേജർമാർ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. 4 കെഎസ്എഫ്ഇ ഓഫീസിൽ സ്വർണ പണയത്തിലും തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈടായി വാങ്ങുന്ന സ്വർണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നതായും വിജിലൻസ് കണ്ടെത്തി.
ശാഖകളിലെ ക്രമക്കേടുകൾ നടപടി ശുപാർശയോടെ സർക്കാരിന് കെെമാറുമെന്ന് വിജിലൻസ് അറിയിച്ചു. പുതുതായി ചേർക്കുന്ന ചിട്ടികളിൽ ഒത്തുക്കളി, ക്രമക്കേട് തുടങ്ങിയ വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ചിട്ടിക്ക് എണ്ണം തികയാതെ വന്നാല്‍ കെഎസ്എഫ്ഇയുടെ പണം തന്നെ ഇറക്കി ആളെ ചേര്‍ക്കുന്നതായി ബോധിപ്പിച്ച് ക്രമക്കേട് നടത്തുന്നുവെന്ന ആരോപണം ഉണ്ടായിരുന്നു. കൂടാതെ അടുത്ത കാലത്തായി ബിനാമികളെ വെച്ച് ചിട്ടി നടത്തുന്നതായും ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
അതേസമയം വിജിലന്‍സിൻ്റെ കണ്ടെത്തലുകള്‍ തള്ളി കെഎസ്എഫ്ഇ ചെയര്‍മാൻ രംഗത്തുവന്നു. കൊള്ളച്ചിട്ടി പ്രോത്സാഹിപ്പിക്കാറില്ലെന്നും കള്ളപ്പണ നിക്ഷേപത്തിന് സാധ്യതയില്ലെന്നും കെഎസ്എഫ്ഇ ചെയർമാൻ പീലിപ്പോസ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
content highlights: Vigilance raid in Kerala State Financial Enterprises (KSFE) Offices