ഹൈദരബാദിന്റെ പേര് മാറ്റേണ്ടവരുടെ പേരാണ് മാറ്റേണ്ടത്; ഇതിന് ജനങ്ങള്‍ മറുപടി നല്‍കണമെന്ന് ഒവൈസി

ഹൈദരബാദ്: ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് പുനര്‍നാമകരണം ചെയ്യുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി എഐഎംഐഎം പ്രസിഡന്റ് അസദുദീന്‍ ഒവൈസി. പേര് മാറ്റേണ്ടവരുടെ പേരാണ് മാറ്റാന്‍ പോകുന്നതെന്ന് ഒവൈസി വിമര്‍ശിച്ചു. ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിനെ ‘ഭാഗ്യനഗര്‍’ എന്ന് പുനര്‍ നാമകരണം ചെയ്യുമെന്നാണ് യോഗി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞത്.

അടുത്താഴ്ച്ച നടക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ റോഡ് ഷോയിലായിരുന്നു യോഗിയുടെ പ്രഖാപനം. ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി. അധികാരത്തിലെത്തിയപ്പോള്‍ ഫൈസാബാദിനെ അയോധ്യയെന്നും അലഹാബാദിനെ പ്രയാഗ് രാജെന്നും പുനര്‍നാമകരണം ചെയ്തു. പിന്നെന്തുകൊണ്ട് ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്തു കൂടായെന്നായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം. ഇതിനെതിരെയാണ് ഒവൈസി രംഗത്തെത്തിയത്.

എന്നാല്‍, നാടിന്റെ പേര് മാറ്റേണ്ടവര്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കണമെന്ന് ഒവൈസി പറഞ്ഞു. തങ്ങള്‍ പ്രധാനമന്ത്രിയെയാണ് തെരഞ്ഞെടുക്കുന്നതെന്ന പ്രതീതിയാണ് ബിജെപിക്കെന്നും ഒവൈസി വിമര്‍ശിച്ചു. ഡിസംബര്‍ ഒന്നിനാണ് ഹൈദരാബാദില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ്.

Content Highlight: Asaduddin Owaisi attacks Yogi Adithyanadh on rename Hyderabad