ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം നാലാം ദിവസവും തുടരുന്നു. കര്‍ഷക പ്രതിഷേധത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ട് വച്ച ഉപാധികള്‍ കര്‍ഷകര്‍ തള്ളി. ബുറാഡിയിലെ സമരവേദിയിലേക്ക് മാറില്ലെന്നും കര്‍ഷകര്‍ അറിയിച്ചു.
ഉപാധി വച്ചുള്ള ചര്‍ച്ചയ്ക്ക് താത്പര്യമില്ലെന്നും ചര്‍ച്ച വേണമെങ്കില്‍ സമരവേദിയിലേക്ക് വരണമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നതാണ് കര്‍ഷക പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
അതേസമയം വൈദ്യുത ബില്ലിന്റെ കാര്യത്തിലും തീരുമാനം വേണമെന്ന് കര്‍ഷക സംഘടനാ നേതാവ് റുല്‍ദു സിങ് ആവശ്യമുയര്‍ത്തി. കര്‍ഷക സംഘടനകളുമായി ഡിസംബര്‍ മുന്നിന് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നത്. അതിനു മുമ്പ് ചര്‍ച്ചകള്‍ വേണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലത്തേക്ക് മാറണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഇത്തരത്തില്‍ നീങ്ങിയാല്‍ തൊട്ടടുത്ത ദിവസം തന്നെ ചര്‍ച്ചയാകാമെന്നായിരുന്നു അമിത് ഷായുടെ വാഗ്ദാനം. അമിത് ഷാ മുന്നോട്ട് വെച്ച ഈ ഉാധിയാണ് കര്‍ഷകര്‍ തള്ളിയിരിക്കുന്നത്. പ്രതിഷേധക്കാരോട് ബുറാഡി നിരങ്കാരി മൈതാനത്തേക്ക് മാറണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Content Highlight: Farmers rejects Amit Shah’s proposal