‘ഒരു ശവമാണ് അത് ചീഞ്ഞു നാറി തുടങ്ങി’ ആദിവാസിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം പൂര്‍ത്തിയാക്കാതെ അധികൃതര്‍

കോഴിക്കോട്: വയനാട്ടില്‍ തേനീച്ചയുടെ കുത്തേറ്റ് മരിച്ച ആദിവാസി വിഭാഗത്തില്‍പ്പെട്ട വ്യക്തിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച് അധികൃതര്‍. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചിട്ടും സര്‍ജനില്ലെന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്. മരിച്ച് രണ്ട് ദിവസമായിട്ടും മൃതദേഹം പോസ്റ്റ്മാര്‍ട്ടം ചെയ്യാനാവത്തതില്‍ പ്രതിഷേധത്തിലാണ് നാട്ടുകാരും ബന്ധുക്കളും.

‘ഒരു ശവമാണ് അത് ചീഞ്ഞ് നാറി തുടങ്ങി, മൃതദേഹം തങ്ങള്‍ ഏറ്റെടുക്കില്ല’ എന്ന് പ്രതിഷേധത്തില്‍ ഭാഗമായി നാട്ടുകാരും ബന്ധുക്കളും അറിയിച്ചു. ഞായറാഴ്ച്ച രാവിലെയായിരുന്നു കേണിച്ചിറ പാല്‍നട കോളനിയിലെ ഗോപാലന്‍ തേനീച്ച കുത്തേറ്റ് മരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ആദ്യം കൊണ്ടു പോയത്.

എന്നാല്‍, സര്‍ജനില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോവുകയായിരുന്നു. എന്നാല്‍ ഇതുവരെയും പോസ്റ്റ്മാര്‍ട്ടം നടത്താന്‍ സാധിക്കാത്തതിനാല്‍ മൃതദേഹം ഇപ്പോഴും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlight: Adivasi man postmortem delayed for two day