മാസ്കില്ലെങ്കിൽ കൊവിഡ് കെയർ സെൻ്ററുകളിൽ നിർബന്ധിത സേവനം ചെയ്യിക്കണം; ഗുജറാത്ത് ഹെെക്കോടതി

‘Compulsory community service’ at Covid-19 centers for those not wearing masks, rules Gujarat high court

ഗുജറാത്തിൽ മാസ്ക് ധരിക്കാത്തവർക്ക് ശിക്ഷയായി കൊവിഡ് കെയർ സെൻ്ററുകളിൽ നിർബന്ധിത സേവനം ചെയ്യിക്കണമെന്ന് ഗുജറാത്ത് ഹെെക്കോടതി ഉത്തരവിട്ടു. അതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കാൻ ഹെെക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയുന്നതിനായി നിരവധി പരിപാടികൾ ഗുജറാത്ത് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആർടിപിസിആർ പരിശോധന നിരക്ക് 800 രൂപയായി കുറയ്ക്കുമെന്ന് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. നേരത്തെ സ്വകാര്യ ലാബുകൾ ആർടിപിസിആർ പരിശോധനകൾക്കായി 1,500 മുതൽ 2,000 രൂപ വരെ ഈടാക്കിയിരുന്നു.

അഹമ്മദാബാദ്, രാജ്കോട്ട്, വഡോദര, സൂററ്റ് എന്നിവിടങ്ങളിൽ സർക്കാർ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നവംബർ 23 മുതൽ തുറക്കാനിരുന്ന സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നത് മാറ്റിവെച്ചിട്ടുണ്ട്. ഗുജറാത്തിൽ ഇതുവരെ 2,11,095 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 4,001 പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 

content highlights: ‘Compulsory community service’ at Covid-19 centers for those not wearing masks, rules Gujarat high court