ക്രിസ്മസിന് നക്ഷത്രങ്ങൾക്ക് പകരം ഹിന്ദുഭവനങ്ങളിൽ മകരനക്ഷത്രം തൂക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വ ഗ്രൂപ്പുകൾ. വിവിധ ഹിന്ദുത്വ പ്രൊഫെെലുകളും ഫേസ്ബുക്ക് ഗ്രൂപ്പുകളുമാണ് ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്. വീടുകളിൽ തൂക്കുന്നതിനായി തയ്യറാക്കിയ മകരനക്ഷത്രത്തിൻ്റെ ചിത്രവും ഇതുവാങ്ങുന്നതിനായി ബന്ധപ്പെടേണ്ട മൊബെെൽ നമ്പർ സഹിതവുമാണ് പ്രചാരണം.
‘ഇത് എൻ്റെ സംരംഭം അല്ല. ഒരു ഹിന്ദു സഹോദരന് വേണ്ടി നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ഈ മകരവിളക്ക് കാലത്ത് (ക്രിസ്തുമസ് കാലത്ത്) നമ്മുടെ വീടുകളിൽ ക്രിസ്തുമസ് നക്ഷത്രങ്ങൾക്ക് പകരം ഉയരട്ടെ മകരനക്ഷത്രങ്ങൾ’. എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന പോസ്റ്റുകളിൽ പറയുന്നത്.
വീടുകളിൽ മകരനക്ഷത്രം തൂക്കണമെന്ന ആഹ്വാനത്തെ പരിഹസിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. വളരെ നല്ല ആശയമാണെന്നും വില എത്രയാകുമെന്നും ചോദിച്ച് പലരും കമൻ്റ് ചെയ്തിട്ടുണ്ട്. മകരനക്ഷത്രം പോലുള്ള ആചാരങ്ങൾ രാമരാജ്യത്തിലേക്കുള്ള പടികളാണെന്ന് ചിലർ കമൻ്റ് ചെയ്തു. എന്നാൽ ഇത്തരം ഹിന്ദുത്വ ആഹ്വാനങ്ങൾ കേരളത്തിൽ നടപ്പാകില്ലെന്നും ഇവിടെ റംസാനും വിഷുവും ക്രിസ്മസും ഓണവുമെല്ലാം ഒരുപോലെയാണെന്നും പറഞ്ഞ് നിരവധി പേർ പോസ്റ്റിനെ വിമർശിച്ചിട്ടുമുണ്ട്.
content highlights: social media posts asking to hang makaranakshatram instead of Christmas star