ബിജെപി എംഎൽഎയുടെ മർദനത്തെ തുടർന്ന് ഗർഭം അലസി; ഗുരുതര ആരോപണവുമായി കർണാടക കൗണ്‍സിലര്‍

Karnataka councilor alleges she had to undergo abortion after assault by BJP MLA

കർണാടകയിലെ ബിജെപി എംഎൽഎ സിദ്ദു സാവഡിയുടെ മർദനത്തെ തുടർന്ന് ഗർഭം അലസിയതായി കർണാടക കൗണ്‍സിലര്‍ ചാന്ദ്നി നായിക്. സിദ്ദു സാവഡി തന്നെ തള്ളി താഴെയിട്ടെന്നും പിന്നാലെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്നും കൗണ്‍സിലര്‍ പരാതിപ്പെട്ടു. മുൻ ബിജെപി കൗണ്‍സിലറാണ് ചാന്ദ്നി. നവംബർ 9ന് ബാഗൽകോട്ടിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനിടെയാണ് സംഭവം നടക്കുന്നത്.

പ്രസിഡൻ്റ് പദവിയിലേക്ക് ചാന്ദ്നി പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഒരു വിഭാഗം ബിജെപി നേതാക്കൾ എതിർത്തു. പാർട്ടിയിൽ അഭിപ്രായ ഭിന്നത ഉണ്ടായതോടെ നവംബർ 7ന് ചാന്ദ്നി കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി. പ്രസിഡൻ്റ് ആക്കാമെന്ന് കോൺഗ്രസ് നേതാക്കൾ വാഗ്ദാനം ചെയ്തു. തുടർന്ന് നവംബർ 9ന് വോട്ടു ചെയ്യാനെത്തിയ ചാന്ദ്നിയെ ബിജെപി നേതാക്കൾ തടഞ്ഞു. ഇതിനിടെയാണ് സിദ്ദു സാവഡി ചാന്ദ്നിയെ പിടിച്ചു തള്ളിയത്. തുടർന്ന് ചാന്ദ്നി ആശുപത്രിയിൽ ചികിത്സ തേടി. നവംബർ 23ഓടെ ആരോഗ്യനില മോശമാവുകയും ഡോക്ടർമാർ അബോർഷന് നിർദേശിക്കുകയുമായിരുന്നു. 

സിദ്ദു സാവഡിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പൊലീസിനെ സമീപിച്ചിട്ടുണ്ട്. ചാന്ദ്നി നായിക്കിന് 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് മഹിള കോൺഗ്രസും ആവശ്യപ്പെട്ടു. അതേസമയം ചാന്ദ്നി ആറ് വർഷം മുമ്പ് വന്ധ്യംകരണം നടത്തിയതാണെന്നും ഗർഭഛിദ്രം നടന്നിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സിദ്ദു സാവഡി പറഞ്ഞു. 

content highlights: Karnataka councilor alleges she had to undergo abortion after assault by BJP MLA