ആരെ വിവാഹം കഴിക്കണമെന്നത് പൗരൻ്റെ മൗലികാവകാശമാണെന്ന് കർണാടക ഹെെക്കോടതി. പ്രായപൂർത്തിയായ ഒരു വ്യക്തിയ്ക്ക് പങ്കാളിയെ തെരഞ്ഞെടുക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്നും ഇതിനായി ജാതിയോ മതമോ പരിഗണിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. രമ്യ എന്ന യുവതിയെ വീട്ടുകാരുടെ തടവിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോഫ്റ്റ് വെയർ എഞ്ചിനീയറായ യുവാവ് വജീദ് ഖാൻ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഈക്കാര്യം വ്യക്തമാക്കിയത്.
സോഫ്റ്റ് വെയർ എൻജിനീയറായ രമ്യ എന്ന യുവതിയെ താനുമായുള്ള വിവാഹത്തിൽ നിന്ന് അവരുടെ മാതാപിതാക്കൾ തടയുകയാണെന്നും രമ്യയെ ഹാജരാക്കണമെന്നും വജീദ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം യുവതിയും മാതാപിതാക്കൾക്കെതിരെ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. തൻ്റെ സഹപ്രവർത്തൻ കൂടിയായ ഹർജിക്കാരനെ വിവാഹം കഴിക്കാൻ തീരുമാനിച്ചെന്നും എന്നാൽ മാതാപിതാക്കൾ സമ്മതിക്കുന്നില്ലെന്നും യുവതി കോടതിയെ അറിയിച്ചു.
ജസ്റ്റിസ് എസ്. സുജാത, സച്ചിൻ മാഗഡം എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഭരണഘടന നൽകുന്ന മൌലികാവകാശ പ്രകാരം പ്രായപൂർത്തിയായ പൌരന്മാർക്ക് ഇഷ്ടമുള്ളവരെ വിവാഹ പങ്കാളിയായി തെരഞ്ഞെടുക്കാമെന്നും മതത്തിൻ്റെയോ ജാതിയുടേയോ പേരിൽ മറ്റൊരാൾക്കും ഇടപെടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഉത്തരവ് പ്രകാരം രമ്യയെ പോലീസ് കോടതിയിൽ ഹാജരാക്കി.
content highlights; Marrying a person of choice is a fundamental right, says Karnataka High Court