ബുറേവി ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞു; കേരളത്തിൽ ന്യൂനമർദം മാത്രം, 10 ജില്ലകളിൽ യെല്ലോ അലർട്ട്

ബുറെവി ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞ് ന്യൂനമർദമായി. കേരളത്തിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച് അലർട്ടുകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. തമിഴ്നാട്ടിലൂടെ സഞ്ചരിച്ച് കൂടുതൽ ദുർബലമായി ഒരു ന്യൂനമർദമായി മാറികൊണ്ടായിരിക്കും ഇന്ന് ഉച്ചയോട് കൂടി കേരളത്തിലേക്ക് പ്രവേശിക്കുക. കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കി.മീ വേഗതയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കൻ മേഖലയിലൂടെ ന്യൂനമർദം അറബിക്കടലിലെത്തും. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതി ശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. 

തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുറെവി ചുഴലിക്കാറ്റിൻ്റെ സ്വാധീനം പ്രതീക്ഷിച്ചിരുന്ന അഞ്ച് ജില്ലകളിൽ ഇന്ന് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർവകലാശാല പരീക്ഷകളും പിഎസ്സി അഭിമുഖങ്ങളും മാറ്റിവെച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണമായും നിരോധിച്ചിരിക്കുന്നു.

content highlights: Cyclone Burevi Updates