നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന സർക്കാർ ഹർജിയ്ക്കെതിരെ തടസഹർജിയുമായി കേസിലെ പ്രതിയും നടനുമായ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന സർക്കാരിൻ്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തൻ്റെ വാദം കേൾക്കണമെന്നാണ് ദിലീപിൻ്റെ ആവശ്യം. അഭിഭാഷക രഞ്ജീത റോത്തഗിയാണ് ദിലീപിൻ്റെ തടസ്സ ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്. ദിലീപിന് വേണ്ടി മുഖ്യ അഭിഭാഷകൻ മുകുൾ റോത്തഗി സുപ്രീം കോടതിയിൽ ഹാജരായേക്കും.
വിചാരണ കോടതി ജഡ്ജിയെ ഇപ്പോൾ മാറ്റിയാൽ സുപ്രീം കോടതി നിശ്ചയിച്ച സമയപരിതിക്കുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സാധിക്കില്ലെന്നാണ് ദിലീപിൻ്റെ അഭിഭാഷകർ ചൂണ്ടിക്കാണിക്കുന്നത്. കേസിലെ പ്രധാനപ്പെട്ട സാക്ഷികളുടെ വിസ്താരം പൂർത്തിയായതാണെന്നും അതിനാൽ ജഡ്ജിയെ മാറ്റിയാൽ ഇത് വീണ്ടും നടത്തേണ്ടിവരുമെന്നും സുപ്രീം കോടതിയെ അറിയിക്കും.
വിചാരണക്കോടതി ജഡ്ജിയെ മാറ്റേണ്ടെന്ന ഹെെക്കോടതി വിധിക്കെതിരെയാണ് സർക്കാർ സുപ്രീം കോടതിയിൽ പോയത്. വിചാരണക്കോടതി മാറ്റുന്നതിന് പ്രോസിക്യൂഷനും നടിയും മുന്നോട്ട് വച്ച വാദങ്ങളില്‍ കഴമ്പില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്. കോടതി മാറ്റുന്നതിന് വിശ്വസനീയമായ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ ഹർജിക്കാര്‍ക്ക് സാധിച്ചിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഹെെക്കോടതി വിധി വന്നതിന് പിന്നാലെ കേസിലെ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എ.സുരേശൻ രാജി വെച്ചിരുന്നു.
content highlights: Actress attack case, Dileep approaches Supreme court