വടക്കഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റിന്റെ ബല പരിശോധനയ്ക്ക് വിദഗ്ധ സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം: വിവാദമായ തൃശൂര്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റിന്റെ ബലപരിശോധന നിര്‍ണയിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചു. ലൈഫ് മിഷന്‍ അഴിമതി ഇടപാടുമായി ബന്ധപ്പെട്ട് നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായാണ് ബലപരിശോധനയ്ക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചത്. കഴിഞ്ഞ മാസം വിജിലന്‍സ് സംഘം ഫ്‌ളാറ്റില്‍ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു.

140 ഫ്‌ലാറ്റുകളാണ് ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്നത്. ഇതോടൊപ്പം, ഒരു ആശുപത്രി സമുച്ചയവും ആംബുലന്‍സും അനുബന്ധ ഉപകരണങ്ങളും കൈമാറുന്നതിനും യൂണിടാക്കും സെയിന്‍വെഞ്ചേഴ്‌സുമായി യുഎഇ കോണ്‍സുലേറ്റ് കരാര്‍ ഉണ്ടാക്കിയിരുന്നു. 20 കോടിയുടെ കരാറാണ് യുഎഇ കോണ്‍സുലേറ്റ് ഈ രണ്ടു സ്ഥാപനങ്ങളുമായി ഉണ്ടാക്കിയത്. കോണ്‍സുലേറ്റ് സന്തോഷ് ഈപ്പന് നല്‍കിയ തുകയില്‍ നിന്നും നാലേകാല്‍ക്കോടി കൈക്കൂലിയായി നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ അന്വേഷണ ഏജന്‍സികളോട് പറഞ്ഞിരുന്നു.

ഇത് വരെ കേസുമായി ബന്ധപ്പെട്ട് മൂന്ന് തവണയാണ് വിജിലന്‍സ് സ്ഥലം നേരിട്ടെത്തി പരിശോധിച്ചത്. വടക്കാഞ്ചേരി നഗരസഭയില്‍ നിന്ന് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് ശേഖരിക്കുകയും ചെയ്തിരുന്നു.

Content Highlight: A team of experts has been appointed to inspect the strength of the North Kerala Life Mission flat