കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണയറിയിച്ച് ആംആദ്മി പാര്‍ട്ടിയും

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരുന്ന ഭാരത് ബന്ദിന് പിന്തുണയറിയിച്ച് ആംആദ്മി പാര്‍ട്ടി. കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടാണ് കര്‍ഷക സംഘടനകള്‍ ബന്ദ് നടത്തുന്നത്. പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും ബന്ദിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. നമ്മുടേത് കാര്‍ഷിക രാജ്യമാണെന്നും എല്ലാവരും കര്‍ഷകരെ പിന്തുണക്കണമെന്നും ദില്ലി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.

കര്‍ഷക പ്രതിഷേധത്തിന് ഇടയാക്കിയ മൂന്നു നിയമങ്ങളും റദ്ദാക്കണമെന്ന തീരുമാനത്തില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുകയാണ്. തറവില തുടരുമെന്ന ഉറപ്പ് ഉത്തരവായി ഇറക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനവും കര്‍ഷകര്‍ സ്വീകരിച്ചില്ല. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഉച്ചഭക്ഷണം കഴിക്കാനും കര്‍ഷര്‍ വിസമ്മതം അറിയിച്ചു. ഉച്ചഭക്ഷണംനല്‍കി കേന്ദ്ര സര്‍ക്കാര്‍ ആതിഥേയ മര്യാദ പ്രകടിപ്പിക്കുന്നതിന് പകരം പ്രശ്ന പരിഹാരത്തിന് ശ്രമിക്കണമെന്നാണ് കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടത്.

ഇതിനിടെ കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്.

Content Highlight: AAP extends support for Bharat Bandh