കൊല്ലം മൺറോ തുരുത്തിൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു; ബിജെപി പ്രവർത്തകൻ പിടിയിൽ

CPM activist stabbed to death at mandrothuruth of Kollam

കൊല്ലം മൺറോ തുരുത്തിൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു. വില്ലിമംഗലം നിധി പാലസ് മണിലാൽ (51) ആണ് മരിച്ചത്. സംഭവത്തിൽ ബിജെപി പ്രവർത്തകനായ പട്ടംത്തുരുത്ത് തൂപ്പാശ്ശേരിയിൽ അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹി പൊലീസിൽ നിന്ന് വിരമിച്ച ആളാണ് അശോകൻ. ഞായറാഴ്ച രാത്രി 9.30ന് വില്ലിമംഗലം എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിന് മുന്നിൽ വെച്ചാണ് സംഭവം നടക്കുന്നത്. കാനറാബാങ്ക് കവലയിൽ നാട്ടുകാർ കൂടിനിന്ന് രാഷ്ട്രീയ ചർച്ചകൾ നടത്തുകയായിരുന്നുവെന്നും മദ്യപിച്ചെത്തിയ അശോകൻ അസഭ്യവർഷം നടത്തിയപ്പോൾ മണിലാൽ കയർത്തുവെന്നും പിന്നീട് അവിടെ നിന്നും നടന്നുപോയ മണിലാലിനെ പിന്നിൽ നിന്നെത്തി അശോകൻ കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. 

ഉടൻ തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കൊല്ലം എൻഎസ് സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അശോകൻ ആർഎസ്എസ് പ്രവർത്തകനാണെന്നും കൊലപാതകത്തിന് പിന്നിൽ വെെരാഗ്യമാണെന്നും സിപിഎം ആരോപിച്ചു. അതേസമയം കൊലപാതകത്തിൽ രാഷ്ട്രീയ കാരണങ്ങളൊന്നുമില്ലെന്നാണ് പൊലീസ് വിലയിരുത്തൽ. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം നേതൃത്വത്തിൽ കുണ്ടറ മണ്ഡലത്തിലെ മൺറോ തുരുത്ത്, കിഴക്കേ കല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളിൽ ഉച്ചക്ക് ഒരു മണിമുതൽ നാല് മണിവരെ ഹർത്താൽ ആചരിക്കും. 

content highlights: CPM activist stabbed to death at mandrothuruth of Kollam