വാഷിങ്ടണ്‍: ഹവാന സിന്‍ഡ്രോം എന്ന പേരില്‍ അറിയപ്പെടുന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ബാധിക്കുന്ന അജ്ഞാത രോഗത്തിന്റെ പ്രധാന കാരണം കൃത്യമായ ആവര്‍ത്തിയില്‍ പുറപ്പെടുവിക്കുന്ന വൈദ്യുത കാന്ത തരംഗങ്ങളാണെന്ന് കണ്ടെത്തല്‍. ക്യൂബ, ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയാണ് അജ്ഞാത രോഗം ബാധിച്ചിരുന്നത്. നാഷണല്‍ അക്കാഡമിക്സ് ഓഫ് സയന്‍സസ്, എന്‍ജിനീയറിങ് ആന്‍ഡ് മെഡിസിന്‍ ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
തലകറക്കം, തലവേദന, കേള്‍വിക്കുറവ്, ഓര്‍മ്മ ശക്തിയിലെ പിഴവ് തുടങ്ങി മാനസിക നില തകരാറിലാകുന്ന നിരവധി കാരണങ്ങളാല്‍ നിരവധി ഉദ്യോഗസ്ഥരാണ് ജോലിയില്‍ നിന്ന് സ്വമേധയാ രാജിവെച്ചത്. റഷ്യക്കെതിരെയുള്ള നീക്കങ്ങള്‍ക്കായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥരില്‍ പലര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതോടെയാണ് റഷ്യക്കു നേരെ സംശയം നീളുന്നത്. റഷ്യയാണ് അജ്ഞാത രോഗത്തിന് പിന്നിലെന്ന് വ്യക്തമായി പറയുന്നില്ലെങ്കിലും സൂക്ഷ്മ തരംഗങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങള്‍ റഷ്യ നടത്തിയിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2016 ലാണ് ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ യുഎസ് എംബസി ഉദ്യോഗസ്ഥര്‍ക്ക് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ചൈനയിലേയും മറ്റു രാജ്യങ്ങളിലേയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കും രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. സമര്‍ത്ഥരായ ഉദ്യോഗസ്ഥരില്‍ പലരും രോഗത്തിന്റെ അടിമകളായി മാറിയത് രാജ്യത്തിന്റെ നയതന്ത്ര പദ്ധതികളെ നല്ല രീതിയില്‍ തന്നെ ബാധിച്ചിരുന്നു.
ഭാവിയിലും ഇത്തരം ആക്രമണങ്ങള്‍ പ്രതീക്ഷിക്കാമെന്നും അവയെ അതിജീവിക്കാന്‍ രാജ്യങ്ങള്‍ ഒരുങ്ങണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.
Content Highlight: Microwave ‘Attack’ as Likely Source of Mystery Illnesses That Hit Diplomats Havana Syndrome