ഒറ്റ വൃക്കയുമായാണ് രാജ്യത്തിന് വേണ്ടി മത്സരിച്ചതും ഈ നേട്ടമൊക്കെ നേടിയതും; വെളിപ്പെടുത്തലുമായി അഞ്ജു ബോബി ജോർജ്

Olympian Anju Bobby George Reveals that she has only one kidney

ലോക അത്ലറ്റിക് മീറ്റിലടക്കം ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച് മെഡലുകൾ വാരിക്കൂട്ടിയ താരമായ അഞ്ജു ബോബി ജോർജ് നിർണായക വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ്. ഇന്ത്യക്ക് വേണ്ടി താൻ മത്സരിച്ചത് ഒറ്റ വൃക്കയുമായാണെന്ന് അഞ്ജു ബോബി ജോർജ് പറഞ്ഞു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലൂടെയാണ് അഞ്ജു ഒറ്റ വൃക്കയുമായാണ് താൻ ജീവിക്കുന്നതെന്ന കാര്യം വെളിപ്പെടുത്തിയത്.

വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം പറയട്ടെ. ഒറ്റ വൃക്കയുമായി ജീവിച്ച് ഉയരങ്ങളിലെത്താൻ ഭാഗ്യം ലഭിച്ച അപൂർവ്വം ആളുകളിലൊരാളാണ് ഞാൻ. പരുക്കുകൾ അലട്ടുമ്പോളും വേദന സംഹാരി കഴിച്ചാൽ പോലും അലർജിയുടെ ശല്യം അസഹനീയമായിരുന്നു. ഒപ്പം ഒരുപാട് പരിമിതികളുണ്ടായിരുന്നു. എന്നിട്ടും ഇവിടം വരെയെത്തി. പരിശീലകൻ്റെ മാജിക് എന്നോ കഴിവെന്നോ പറയാം. അഞ്ജു ട്വീറ്റ് ചെയ്തു.

കേന്ദ്ര കായിക മന്ത്രി കിരൺ റിജുജുവിനെ ഉൾപ്പെടെ ടാഗ് ചെയ്താണ് അഞ്ജുവിൻ്റെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ കിരൺ റിജുജു അഞ്ജുവിനെ അഭിനന്ദിച്ച് രംഗത്തെത്തി. ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയ താരമെന്ന നിലയിൽ അഞ്ജു വിനെ ഓർത്ത് ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഠിനാധ്വാനത്തിൻ്റേയും പ്രയത്നത്തിൻ്റേയും ഫലമാണ് അഞ്ജുവിൻ്റെ നേട്ടങ്ങളെന്നും അദ്ദേഹം പറഞ്ഞു. 

content highlights: Olympian Anju Bobby George Reveals that she has only one kidney