ആന്ധ്രാപ്രദേശിലെ അജ്ഞാത രോഗം: ഒരാള്‍ മരിച്ചു; രോഗകാരണം കണ്ടെത്താനായില്ല

എല്ലൂരു: ആന്ധ്രാപ്രദേശില്‍ പടരുന്ന അജ്ഞാത രോഗം ബാധിച്ച ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇതുവരെ 292 പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗികള്‍ അപസാമാരം. ഛര്‍ദ്ദി എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് ബോധരഹിതരാവുകയാണ് ചെയ്യുന്നത്. രോഗകാരണമെന്താണെന്ന് ഇതേവരെ കണ്ടെത്താനായിട്ടില്ല.

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ഭൂരിഭാഗം പേരും വളരെ വേഗം തന്നെ രോഗമുക്തരാകുന്നുണ്ടെന്നതാണ് ആശ്വാസം. രോഗം ബാധിച്ചവരില്‍ 140 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും അധികൃതര്‍ അറിയിച്ചു. രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം എല്ലൂരുവില്‍ എത്തിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി വീടുകള്‍ തോറും സര്‍വേ ആരംഭിച്ചിട്ടുണ്ട്.

അതേസമയം, രോഗ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി എല്ലൂരു സന്ദര്‍ശിക്കും. സംസ്ഥാന ആരോഗ്യ കമ്മീഷന്‍ സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി. ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിശ്ചന്ദ്രന്‍ അസുഖബാധിതര്‍ക്ക് ശരിയായ പരിചരണം ലഭ്യമാക്കണമെന്ന് ആരോഗ്യഅധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

Content Highlight: One died in Mysterious disease reported in Andhra Pradesh