അമിത് ഷാ കർഷകരുമായി ഇന്ന് വെെകിട്ട് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്

bjp state core committee today

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കർഷകരുമായി ഇന്ന് വെെകിട്ട് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. ഇന്ന് വെെകിട്ട് 7 മണിക്ക് കർഷകരെ കാണുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബുധനാഴ്ച കർഷകരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നത്. എന്നാൽ ഭാരത് ബന്ദിന് ലഭിച്ചുകൊണ്ടിരിക്കുന്ന വലിയ പിന്തുണയ്ക്ക് പിന്നാലെയാണ് അമിത് ഷാ കർഷകരെ കാണുമെന്ന് റിപ്പോർട്ട് പുറത്തുവരുന്നത്.

കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടരുകയാണ്. കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച വരുന്ന നിരവധി നേതാക്കന്മാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇടതു നേതാക്കളായ കെ.കെ രാഗേഷും കൃഷ്ണ പ്രസാദും ഉൾപ്പെടെയുള്ളവരെ  ബിലാസ്പൂരിൽ വെച്ച് അറസ്റ്റ് ചെയ്തു. കരുതൽ തടങ്കൽ എന്നാണ് പൊലീസ് പറയുന്നത്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയുടെ വീട് പൊലീസ് വളഞ്ഞു. താൻ വീട്ടുതടങ്കലിലാണെന്നാണ് സുഭാഷിണി അറിയിച്ചത്. സുഭാഷിണി അലി സമരവേദിയിലെത്തുന്നത് തടയാനാണ് പൊലീസ് ശ്രമമെന്ന് പ്രവർത്തകർ ആരോപിച്ചു.

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഉത്തർപ്രദേശിലെ വീട്ടിൽ നിന്ന് യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാരത് ബന്ദിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണ് കസ്റ്റഡിയിൽ എടുത്തത്. ഭാരത് ബന്ദിന് പിന്തുണയുമായി എത്തുന്ന നേതാക്കളെയെല്ലാം കേന്ദ്രസർക്കാരിൻ്റെ നിർദേശാനുസരണം പൊലീസ് അറസ്റ്റ് ചെയ്യുകയാണ്. നേരത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ വീട്ടുതടങ്കലിലാക്കിയിരുന്നു.

ജനാധിപത്യ വിരുദ്ധമായ നടപടിയാണ് ഇതെന്നും രാജ്യം ഒറ്റക്കെട്ടായി കർഷകർക്ക് പിന്തുണയുമായി വരുമ്പോൾ സർക്കാർ ഭയപ്പെടുകയാണെന്നും സി.പി.ഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചു. കരുതൽ തടങ്കൽ ആണിതെങ്കിൽ ഇത് അദാനിക്കും അംബാനിക്കും വേണ്ടിയാണ്. കൃഷിക്കാർക്ക് വേണ്ടി ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുകയാണ്. ഇത് ജനങ്ങൾ പൊറുക്കാൻ പോകുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

content highlights: Amit Shah to meet protesting farmers at 7 pm today