കാർഷിക സംഘടനയുടെ ഭാരത് ബന്ദിനിടെ ഇടതുനേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ഛത്തീസ്ഗഡ് പൊലീസ്. ഇടതു നേതാക്കളായ കെ.കെ രാഗേഷും കൃഷ്ണ പ്രസാദും ഉൾപ്പെടെയുള്ളവരെയാണ് ബിലാസ്പൂരിൽ വെച്ച് അറസ്റ്റ് ചെയ്തത്. കരുതൽ തടങ്കൽ എന്നാണ് പൊലീസ് പറയുന്നത്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയുടെ വീട് പൊലീസ് വളഞ്ഞു. താൻ വീട്ടുതടങ്കലിലാണെന്നാണ് സുഭാഷിണി അറിയിച്ചത്. സുഭാഷിണി അലി സമരവേദിയിലെത്തുന്നത് തടയാനാണ് പൊലീസ് ശ്രമമെന്ന് പ്രവർത്തകർ ആരോപിച്ചു.
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഉത്തർപ്രദേശിലെ വീട്ടിൽ നിന്ന് യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാരത് ബന്ദിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണ് കസ്റ്റഡിയിൽ എടുത്തത്. ഭാരത് ബന്ദിന് പിന്തുണയുമായി എത്തുന്ന നേതാക്കളെയെല്ലാം കേന്ദ്രസർക്കാരിൻ്റെ നിർദേശാനുസരണം പൊലീസ് അറസ്റ്റ് ചെയ്യുകയാണ്. നേരത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ വീട്ടുതടങ്കലിലാക്കിയിരുന്നു.
ജനാധിപത്യ വിരുദ്ധമായ നടപടിയാണ് ഇതെന്നും രാജ്യം ഒറ്റക്കെട്ടായി കർഷകർക്ക് പിന്തുണയുമായി വരുമ്പോൾ സർക്കാർ ഭയപ്പെടുകയാണെന്നും സി.പി.ഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചു. കരുതൽ തടങ്കൽ ആണിതെങ്കിൽ ഇത് അദാനിക്കും അംബാനിക്കും വേണ്ടിയാണ്. കൃഷിക്കാർക്ക് വേണ്ടി ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുകയാണ്. ഇത് ജനങ്ങൾ പൊറുക്കാൻ പോകുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
content highlights: Bharat Bandh, Left leaders including KK Ragesh and Krishnaprasad arrested