യുഎസ് വ്യോമയാന രംഗത്തെ ഇതിഹാസമായിരുന്ന ചക്ക് യെയ്ഗർ (97) അന്തരിച്ചു. ഭാര്യ വിക്ടോറിയ യെയ്ഗറാണ് മരണ വാർത്ത അറിയിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു യെയ്ഗറിന്രെ അന്ത്യം. മരണകാരണം വ്യക്തമല്ല. ‘അവിശ്വസനീയമായ ഒരു ജീവിതം അതി മനോഹരമായി ജീവിച്ച അമേരിക്കയുടെ എല്ലാ കാലത്തേയും മികച്ച പൈലറ്റായ യെയ്ഗറിന്റെ, കരുത്തിന്റെയും സാഹസികതയുടെയും, ദേശ സ്നേഹത്തിന്റെയും പാരമ്പര്യം എക്കാലത്തും ഓർമിക്കപെടും’ എന്ന് വിക്ടോറിയ മരണ കുറിപ്പിൽ പറഞ്ഞു.
ശബ്ദാദി വേഗത്തിൽ വിമാനം പറത്തിയ ആദ്യ പൈലറ്റ് എന്ന ബഹുമതി യെയ്ഗറിന്റെ പേരിലാണുള്ളത്. രണ്ടാം ലോക മഹായുദ്ധ കാലത്തെ യുദ്ധ വൈമാനികനായിരുന്നു അദ്ദേഹം. റോക്കറ്റ് എഞ്ചിൻ ഘടിപ്പിച്ച ബെൽ എക്സ്-1 പരീക്ഷണ വിമാനത്തിൽ 1947 ലാണ് യെയ്ഗർ ശബ്ദാദി വേഗത്തിൽ പറന്നത്. തന്റെ നേട്ടം സ്പേസ്, സ്റ്റാർ വാർ, സാറ്റലൈറ്റുകൾ എന്ന പുതിയ ലോകത്തിലേക്കാണ് വാതിൽ തുറന്നതെന്ന് പിന്നീട് എ എഫ് പിക്ക് നൽകിയ അഭിമുഖത്തിൽ യെയ്ഗർ പറഞ്ഞിരുന്നു.
1975 ലായിരുന്നു വ്യോമസേനയിൽ നിന്നും അദ്ദേഹം വിരമിക്കുന്നത്. അദ്ധേഹത്തിന്റെ ജീവിത കഥ പറയുന്ന ദി റൈറ്റ് സ്റ്റഫ് എന്ന പുസ്തകം ഏറെ വിറ്റഴിക്കപെട്ട ഗ്രന്ഥമായിരുന്നു. ഇതേ പേരിൽ തന്നെ 1983 ൽ സിനിമയും ഇറങ്ങിയിരുന്നു.
Content Highlights; Chuck Yeager, First Pilot To Break Sound Barrier Dies At 97