ആന്ധ്രപ്രദേശിലെ അജ്ഞാത രോഗം ബാധിച്ചവരുടെ എണ്ണം 450 കടന്നു, ഒരു മരണം

Mystery illness puts 450 in hospital in the  state of Andhra Pradesh

ആന്ധ്രാപ്രദേശിലെ അജ്ഞാത രോഗം ബാധിച്ചവരുടെ എണ്ണം 450 കടന്നു. ഒരാൾ മരണപെടുകയും ചെയ്തു. ഇത്രയധികം ആളുകൾ കൂട്ടത്തോടെ രോഗബാധിതരാകുന്നതിനുള്ള കാരണം തേടിയുള്ള അന്വേഷണത്തിലാണിപ്പോൾ. കീടനാശിനികളിലെ രാസ വസ്തുവാണ് രോഗബാധയ്ക്ക് കാരണമെന്നാണ് ഇപ്പോഴത്തെ നിഗമനം. വിവിധ ശാസ്ത്ര സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ദർ പല തലത്തിലുള്ള പരിശോധനകൾ നടത്തി വരുന്നുണ്ട്.

ശനിയാഴ്ച രാത്രിയോടെയാണ് അബോധാവസ്ഥയിൽ അളുകളെ ആശുപത്രിയിൽ എത്തിക്കാൻ തുടങ്ങിയത്. ഛർദി, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളോടെ അബോധാവസ്ഥയിലായ നിലയിലാണ് മിക്കവരെയും ആശുപത്രിയിൽ എത്തിച്ചത്. രോഗികളുടെ രക്തപരിശോധനയും സിടി സ്കാനും നടത്തി. ഇ കോളി പരിശോധനയും പാലിന്റേയും സാമ്പിൾ പരിശോധനയും നടത്തിയതിന് പിന്നാലെയാണ് കീടനാശിനിയാകാം കാരണം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന പുരോഗമിക്കുന്നത്.

കൃഷിക്കും കൊതുക് നശീകരണത്തിനും ഉപയോഗിക്കുന്ന ഓർഗാനോ ക്ലോറിൻ കീടനാശിനികളെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. ലാബിൽ നിന്നുള്ള പരിശോധനാ ഫലം ലഭിച്ച ശേഷമേ രോഗ കാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ. ജലത്തിലെ മാലിന്യമാണ് രോഗ കാരണമെന്നായിരുന്നു ആദ്യ ഘട്ടത്തിൽ സംശയിച്ചിരുന്നത്. എന്നാൽ അതല്ല കാരണം എന്നുള്ളത് പരിശോധനയിൽ നിന്നും വ്യക്തമായി. ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ആശുപത്രിയിലെത്തി എല്ലാ ചികിത്സാ സഹായവും ഉറപ്പ് നൽകിയിട്ടുണ്ട്.

263 പേരെയാണ് ഇതിനോടകം ചികിത്സ നൽകി വീടുകളിലേക്ക് മടക്കി അയച്ചത്. 171 പേർ ആശുപത്രിയിലാണ്. 17 പേരെ വിദഗ്ദ ചികിത്സക്കായി വിജയവാഡയിലെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ പരിശോധനക്കായി കേന്ദ്രം മൂന്നംഗ വിദഗ്ദ സംഘത്തെ ആന്ധ്രയിലേക്ക് അയച്ചിട്ടുണ്ട്. എയിംസിലെ എമർജൻസി മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ജംഷദ് നയ്യാർ, പുനെ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഡോക്ടർ അവിനാഷ്, നാഷ്ണൽ സെന്റർ പോർ ഡിസീസ് കണട്രോളിലെ ഡോ സങ്കേത് കുൽകർണി എന്നിവരെയാണ് ആന്ധ്രയിലേക്ക് അയച്ചത്. കൂടാതെ ഐസിഎംആറിലെ ഒരു സംഘം കൂടി എത്തിയേക്കും.

Content Highlights; Mystery illness puts 450 in hospital in the  state of Andhra Pradesh