എവറസ്റ്റിൻ്റെ ഉയരവുമായി ബന്ധപ്പെട്ട തർക്കത്തിൽ ധാരണയായി ചെെനയും നേപ്പാളും; ഉയരം പുനർനിർണയിച്ചു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിൻ്റെ ഉയരം പുനര്‍നിര്‍ണയിച്ചു. ഇതോടെ മൗണ്ട് എവറസ്റ്റിൻ്റെ ഉയരവുമായി ബന്ധപ്പെട്ട് അയൽ രാജ്യങ്ങളായ നേപ്പാളും ചെെനയുമായുള്ള തർക്കത്തിൽ ധാരണയായി. നേരത്തെ ആഗോളതലത്തിൽ സർവേ ഓഫ് ഇന്ത്യയുടെ 8,848 മീറ്ററാണ് മൗണ്ട് എവറസ്റ്റിന് ഉയരമായി കണക്കാക്കിയിരുന്നത്. എന്നാൽ പുതിയ കണക്ക് പ്രകാരം 8848.86 ആണ് മൗണ്ട് എവറസ്റ്റിൻ്റെ ഉയരം. 

ഇന്ത്യയുടെ സർവേ ഓഫ് ഇന്ത്യ നിശ്ചയിച്ചിരുന്ന ഉയരത്തേക്കാൾ അൽപം കൂടിയ ഉയരമാണ് പുതിയ കണക്കിൽ വ്യക്തമാക്കുന്നത്. നേപ്പാൾ മുമ്പ് പറഞ്ഞ ഉയരത്തേക്കാൾ ഏതാനും മീറ്റർ കൂടുതലാണ് ഇരു രാജ്യങ്ങളും പുതുതായി നിശ്ചയിച്ച ഉയരം. ജി.പി.എസ് ട്രിഗണോമെട്രിക് അളവുകൾ പ്രകാരമാണ് പുതിയ ഉയരം നിശ്ചയിച്ചിരിക്കുന്നത്. 

2015ലെ ഭൂകമ്പവും ആഗോള താപനവും എവറസ്റ്റിൻ്റെ ഉയരത്തെ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഉയരം കണക്കാക്കിയത്. ചെെനയുടെ ഔദ്യോഗിക ന്യൂസ് ഏജൻസിയായ സിൻഹുവയാണ് വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

content highlights: New height of Mount Everest 8,848.86 meters: Nepal, China joint survey