സമൂഹത്തിൽ നിലനിൽക്കുന്ന മിഥ്യാധാരണകൾക്കെതിരെ പ്രതികരണവുമായി ഗായിക ജ്യോത്സ്ന. പരിപൂർണത എന്നത് സങ്കൽപ്പം മാത്രമാണെന്ന് ജ്യോത്സ്ന ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു. എല്ലാം തികഞ്ഞ സ്ത്രീ അല്ലെങ്കിൽ പുരുഷൻ എന്നത് വെറും സങ്കൽപ്പം മാത്രമാണെന്നും എല്ലാം ചെയ്യാൻ സാധിച്ചില്ല എന്നു കരുതി ആരും കുറഞ്ഞവരുമല്ല എന്നും ഗായിക വിശദമാക്കി. കുട്ടികൾ വേണ്ടെന്ന തീരുമാനമോ, ജോലിത്തിരക്ക് കാരണം കുട്ടിയുടെ സ്കൂൾ പ്രവർത്തനങ്ങൾ മിസ് ചെയ്യുന്നതോ നിങ്ങളെ ഒരു ഭീകര സ്ത്രീ ആക്കുന്നില്ല. പൂർണതയുള്ളവരായിരിക്കാനുള്ള സമ്മർദ്ദം ഒരിക്കലും നിങ്ങളെ നിങ്ങളല്ലാതാക്കരുതെന്നും ജോത്സന പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
പ്രിയപ്പെട്ട സ്ത്രീകളെ,
പരിപൂര്‍ണത എന്നത് ഒരു മിഥ്യയാണ്. നിങ്ങള്‍ എല്ലാം തികഞ്ഞ ഒരു ഭാര്യയോ, അമ്മയോ, മകളോ, മരുമകളോ, കരിയറിലെ തികഞ്ഞ സ്ത്രീയോ ആയില്ലെങ്കിലും കുഴപ്പമില്ല. നിങ്ങളുടെ വീട് വൃത്തിയായി കിടന്നില്ലെങ്കിലോ, ആഗ്രഹിക്കുന്ന കാലത്തോളം കുഞ്ഞിനെ മുലയൂട്ടാന്‍ കഴിഞ്ഞില്ലെങ്കിലോ കുഴപ്പമില്ല. കുട്ടികള്‍ വേണ്ടെന്ന തീരുമാനമാണ് എടുക്കുന്നതെങ്കിലും കുഴപ്പമില്ല. ജോലിത്തിരക്കു കാരണം കുട്ടിയുടെ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ മിസ് ചെയ്താലും കുഴപ്പമില്ല. ഇതൊന്നും നിങ്ങളെ ഒരു ഭീകര സ്ത്രീയാക്കുന്നില്ല. നിങ്ങള്‍ മനുഷ്യര്‍ മാത്രമാണ്. എല്ലാം തികഞ്ഞ സ്ത്രീ എന്നത് ഒരു മിഥ്യയാണ്.
പ്രിയപ്പെട്ട പുരുഷന്മാരേ,
നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ല. അത്താഴം കഴിച്ചതിന്റെ പണം നിങ്ങളുടെ സ്ത്രീ കൊടുക്കുന്നതില്‍ തെറ്റില്ല. നിങ്ങള്‍ വീട്ടിലിരിക്കുന്ന പങ്കാളിയാകാന്‍ താത്പര്യപ്പെടുന്നതില്‍ കുഴപ്പമില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പിങ്ക് വസ്ത്രങ്ങള്‍ ധരിക്കാന്‍ ആഗ്രഹിക്കുന്നതില്‍ കുഴപ്പമില്ല. നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത് എന്നതിനെക്കുറിച്ച് പറയുന്നതിലും കുഴപ്പമില്ല. എല്ലാം തികഞ്ഞ പുരുഷന് എന്നത് ഒരു മിഥ്യയാണ്.
നിങ്ങള്‍ സന്തുഷ്ടരാണോ എന്നതാണ് പ്രധാനം. സോഷ്യല്‍ മീഡിയ നമ്പറുകള്‍, പ്രധാനപ്പെട്ട ഒരു പ്രൊജക്ട് നഷ്ടമാകുന്നത്, ശരീരഭാരം ഒരു കിലോ കൂടുന്നത് ഒന്നും നിങ്ങള്‍ ആരാണെന്ന് തീരുമാനിക്കില്ല. പരിപൂര്ണതയിലേയ്ക്ക് എത്തിപ്പെടാന്‍ നിങ്ങള്‍ക്കു മേലുണ്ടാകുന്ന സമ്മര്‍ദ്ദം ഒരിക്കലും നിങ്ങളെ നിങ്ങളല്ലാതാക്കരുത്.’ ഈ വാക്കുകൾ ഇന്ന് ആർക്കെങ്കിലും പ്രചോദനമാകുമെങ്കിൽ അങ്ങനെയാകട്ടെ
content highlights: Perfection is a myth says jyotsna radhakrishnan