ഡോക്ടർമാർ സർക്കാർ മേഖലയിൽ പത്ത് വർഷം നിർബന്ധിത സേവനം അനുഷ്ഠിക്കണം; ഉത്തർപ്രദേശ് സർക്കാരിൻ്റെ പുതിയ നിർദേശം

UP Govt to PG medicos: Serve 10 years in government sector or pay Rs 1 crore fine 

മെഡിക്കൽ പി.ജി വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കിയ ശേഷം സർക്കാർ മേഖലയിൽ പത്തു വർഷം നിർബന്ധ സേവനം അനുഷ്ഠിക്കണമെന്ന നിർദേശവുമായി ഉത്തർപ്രദേശ് സർക്കാർ. അല്ലാത്ത പക്ഷം ഒരുകോടി രൂപ പിഴ നൽകണമെന്നും യുപി സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഉത്തർപ്രദേശ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദാണ് പുതിയ നിർദേശം പുറത്തിറക്കിയത്. സർക്കാർ ആശുപത്രികളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ അഭാവം നികത്താനാണ് പുതിയ തീരുമാനമെന്നാണ് സർക്കാർ പറയുന്നത്.

എന്നാൽ പുതിയ ഉത്തരവിനെതിരെ മെഡിക്കൽ വിദ്യാർത്ഥികൾ രംഗത്തുവന്നിട്ടുണ്ട്. മെഡിക്കൽ പി. ജി കഴിഞ്ഞുവരുന്ന ഡോക്ടർമാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം നിഷേധിക്കുന്നതാണ് സർക്കാരിൻ്റെ പുതിയ തീരുമാനമെന്ന് ഇവർ പറഞ്ഞു. പിഴയൊടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് നിർബന്ധിതമായി യു.പിയിൽ തന്നെ തുടരേണ്ട സ്ഥിതിയാവും ഉണ്ടാവുകയെന്നും മെഡിക്കൽ വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ ഗ്രാമീണമേഖലയിലെ ആശുപത്രികളിൽ ഒരു വർഷമെങ്കിലും ജോലി ചെയ്യുന്ന എം.ബി.ബി.എസ് ഡോക്ടർമാർക്ക് നീറ്റ് പി.ജി പരീക്ഷയിൽ ഇളവുകൾ ലഭിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 

content highlights: UP Govt to PG medicos: Serve 10 years in government sector or pay Rs 1 crore fine