യുപിയിൽ ദലിത് യുവാവിനെ വിവാഹം ചെയ്ത 23 കാരിയെ സഹോദരന്മാർ വെടിവെച്ച് കൊലപെടുത്തി. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലാണ് സംഭവം. ചാന്ദ്നി കശ്യപ് എന്ന 23 കാരിയായ യുവതിയെ ആണ് കൊലപെടുത്തിയത്. സംഭവത്തിൽ സഹോദരന്മാരിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്. സഹോദരിയെ കൊലപെടുത്തിയ ശേഷം സ്വന്തം ഫാമിൽ തന്നെ മൃതദേഹം കുഴിച്ചിടുകയായിരുന്നു.
ഭാര്യയെ കാണിനില്ലെന്ന ഭർത്താവ് അർജുൻ നൽകിയ പരാതിയിൽ നടത്തിയ പോലീസ് അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്ത് വരുന്നത്. ഈ വർഷം ജൂണിലായിരുന്നു ചാന്ദിനി വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ദളിത് വിഭാഗത്തിൽ പെട്ട അർജുനെ വിവാഹം കഴിച്ചത്. അർജുൻ ദലിത് യുവാവ് ആയതിനാൽ സഹോദരങ്ങൾ വിവാഹത്തെ എതിർത്തിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന അർജുൻ കല്യാണ ശേഷം ചാന്ദ്നിയുമൊത്ത് ഡൽഹിയിലേക്ക് താമസം മാറുകയായിരുന്നു. പിന്നീട് നവംബർ 17 ന് സഹോദരന്മാർ ചാന്ദ്നിയെ കാണാൻ ഡൽഹിയിലെത്തുകയും തുടർന്ന് വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകുകയും ആയിരുന്നു.
വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയ ചാന്ദിനിയെ പിന്നീട് ഫോണിൽ പോലും ലഭിക്കാതിരുന്നതോടെ ചാന്ദ്നിയുടെ ബന്ധുവിനെ വിളിച്ച് അർജുൻ അന്വേഷിച്ചിരുന്നെങ്കിലും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ബന്ധുക്കൾ പറഞ്ഞത്. ചാന്ദ്നി ആത്മഹത്യ ചെയ്തെന്നും വേറെ വിവാഹം കഴിച്ചെന്നും ബന്ധുക്കൾ പറഞ്ഞു. ഇതേ തുടർന്ന് ഭാര്യയെ തട്ടി കൊണ്ടു പോയി എന്ന് കാണിച്ച് അർജുൻ നവംബർ 22 ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തടുർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Content Highlights; Woman who married Dalit man killed, buried on the family farm by brothers: cops