ഒരു പ്രേമം ഉണ്ടാക്കിയ കഥ…കാളിദാസും കുക്ക് ബാബുവും വീണ്ടും ഒന്നിക്കുന്നു

ഒരു തട്ടിൽകുട്ടി ദോശയിലൂടെ കണ്ടുമുട്ടിയ മായയും കാളിദാസും രുചിപെരുമ തീർക്കുന്ന കുക്ക് ബാബുവും വീണ്ടും ഒന്നിക്കുന്നു. സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിലെ കഥാപാത്രങ്ങളാണ് ‘ബ്ലാക്ക് കോഫി’ എന്ന സിനിമയുമായി എത്തുന്നത്. ബാബു രാജ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ചിത്രത്തിന്റെ തിരക്കഥയും ബാബുരാജ് തന്നെ. ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നതാണ് സിനിമയുടെ ടാഗ്‍ലൈൻ.

നാല് പെണ്‍കുട്ടികള്‍ താമസിക്കുന്ന ഫ്ളാറ്റില്‍ കുക്ക് ബാബു എത്തുന്നതും അവിടെ നിന്നും കാളിദാസ് ബാബുവിനെ തിരിച്ചു കൊണ്ടു പോവുന്നതാണ് ടീസറിലുള്ളത്. ലെന, രചന നാരായണന്‍ കുട്ടി, ഓവിയ, മൈഥിലി, സിനില്‍ സൈനുദ്ദീന്‍, സണ്ണി വെയ്ന്‍, കോട്ടയം പ്രദീപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സോൾട്ട് ആൻഡ് പെപ്പർ ഒരുക്കിയ ആഷിക്ക് അബു അതിഥിതാരമായി എത്തുന്നുണ്ട്. ബ്ലാക്ക് ഡാലിയ, മനുഷ്യമൃഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്ലാക്ക് കോഫി.

Content Highlights; black coffee teaser out