ഒഎന്‍വി സാഹിത്യ പുരസ്‌കാരം ഡോ. എം. ലീലാവതിക്ക്

Dr.M.Leelavathi Conferred with ONV Award

ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം. ലീലാവതിക്ക് ലഭിച്ചു. മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. സി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനും പ്രഭാവര്‍മ, ഡോ. അനില്‍ വള്ളത്തോള്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 

മഹാകവി ഒഎന്‍വിയുടെ സ്മരണ മുന്‍നിര്‍ത്തി സ്ഥാപിച്ചിട്ടുള്ള ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി വര്‍ഷംതോറും നല്‍കുന്ന പുരസ്‌കാരമാണിത്. സുഗതകുമാരി, എം.ടി. വാസുദേവന്‍ നായര്‍, അക്കിത്തം എന്നിവര്‍ക്കാണ് നേരത്തെ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. നാലാമത്തെ പുരസ്കാരമാണ് ഡോ.എം ലീലാവതിക്ക് ലഭിച്ചിരിക്കുന്നത്. ഏഴ് പതിറ്റാണ്ടായി ഡോ.എം. ലീലാവതി തുടരുന്ന സാഹിത്യരചനയും പഠനവും വിലമതിക്കാനാവാത്തതാണെന്ന് സമിതി ചൂണ്ടിക്കാട്ടി. 

അധ്യാപിക, കവി, ജീവചരിത്രരചയിതാവ്, വിവര്‍ത്തക, തുടങ്ങി വിവിധങ്ങളായ തലങ്ങളില്‍ ഡോ.എം ലീലാവതി ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വര്‍ണരാജി, അമൃതമശ്നുതേ, മലയാളകവിതാസാഹിത്യ ചരിത്രം, ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍, അപ്പുവിൻ്റെ അന്വേഷണം, നവതരംഗം, വാത്മീകി രാമായണ വിവര്‍ത്തനം, തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഡോ. ലീലാവതിയുടെ കൊച്ചിയിലെ വസതില്‍വച്ച് പുരസ്കാരം സമര്‍പ്പിക്കുമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി അധ്യക്ഷന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

content highlights: Dr.M.Leelavathi Conferred with ONV Award