സർക്കാർ ജോലിയിൽ ആശ്രിത നിയമനത്തിന് വിവാഹിതയായ മകൾക്കും അവകാശമുണ്ടെന്ന് കർണാടക ഹൈക്കോടതി. സർക്കാർ ജോലിയിലിരിക്കെ മരിച്ച പിതാവിന്റെ ജോലിക്കായി അപേക്ഷിച്ചിട്ട് നിയമന ഉത്തരവ് ലഭിക്കാത്തതിനെതിരെ ബെഗ്ളൂരു സ്വദേശിനിയായ ഭൂവനേശ്വരി വി പുരാനിക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിരീക്ഷണം.
വിവാഹത്തിലൂടെ മകളും രക്ഷിതാവും തമ്മിലുള്ള ബന്ധം അവസാനിക്കുന്നില്ലെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കി. സർക്കാർ ജോലിയിലിരിക്കെ മരിക്കുന്ന മാതാപിതാക്കളുടെ ജോലി ലഭിക്കാനുള്ള പെൺമക്കളുടെ അവകാശം നിഷേധിക്കുന്നത് വിവേചനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ആശ്രിത നിയമനത്തിനായി പരിഗണിക്കുമ്പോൾ ആൺമക്കൾ വിവാഹിതരാണോ എന്നത് മാനദണ്ഡമാക്കത്തതു പോലെ പെൺമക്കളുടെ കാര്യത്തിൽ വിവാഹം ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ലെന്നും കോടതി പറഞ്ഞു. ബെലഗാവി കുടാച്ചി ഗ്രാമത്തിലെ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന പിതാവ് മരിച്ച ശേഷം ഭുവനേശ്വരി ജോലിക്ക് അപേക്ഷിച്ചിട്ടും വിവാഹിതയായതിന്റെ പേരിൽ നിയമന ഉത്തരവ് നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
Content Highlights; Excluding Married Daughter From Seeking Benefit Of Compassionate Appointment Is Unconstitutional: Karnataka High Court