കോഴിക്കോട് ജില്ലയിൽ 14 പേർക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു

shigella disease in 14 people Kozhikode

കോഴിക്കോട് ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 11 വയസ്സുകാരൻ മരിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണ കാരണം ഷിഗല്ല ബാക്ടീരിയ ആണെന്ന് കണ്ടെത്തിയത്. ഈ കുട്ടിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 9 കുട്ടികൾക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്.

12 വയസ്സിൽ താഴെയുള്ളവരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. നാല് മുതിർന്നവരും രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടേയോ ആകാം ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചതെന്നാണ് നിഗമനം. ഉറവിടം വ്യക്തമാകുന്നതിനായി സമീപ പ്രദേശത്തെ നാല് കിണറുകളില്‍ നിന്ന് ആരോഗ്യ വകുപ്പ് വെള്ളം ശേഖരിച്ച് പരിശോധനയക്കയച്ചു. പരിശോധന ഫലം നാളെ ലഭിച്ചേക്കും.

എന്താണ് ഷിഗല്ല രോഗം? ലക്ഷണങ്ങൾ

ഷി​ഗല്ല എന്നത് ബാക്ടീരിയയാണ്. ഈ ബാ​ക്ടീരിയ പരത്തുന്ന രോ​ഗമാണ് ഷി​ഗല്ല. വൈറസുകള്‍, ബാക്ടീരിയകള്‍, പരാദജീവികള്‍ തുടങ്ങിയ ജൈവാണുക്കള്‍ കുടിവെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ ശരീരത്തിനകത്ത് എത്തുന്നതിലൂടെയാണ് വയറിളക്കം ഉണ്ടാവുന്നത്. അത്തരത്തിലുള്ള വയറിളക്കത്തിന്റെ ഒരു കാരണമാണ് ഷിഗല്ല ബാക്ടീരിയ

വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനയ്ക്ക് തോന്നുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ എല്ലാ ഷി​ഗല്ല രോ​ഗികൾക്കും രോ​ഗലക്ഷങ്ങൾ കാണണമെന്നില്ല. ഷി​ഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോ​ഗലക്ഷണങ്ങൾ കണ്ട് തുടങ്ങുന്നത്.

എന്തുകൊണ്ടാണ് ഷിഗല്ല വയറിളക്കം അപകടകാരിയായി മാറുന്നത്?

വയറിളക്കം മൂലം ശരീരത്തില്‍ നിന്ന് ജീവന്‍ നിലനില്‍ക്കുന്നതിന് ആവശ്യമായ ജലവും ലവണങ്ങളും പോഷണങ്ങളും നഷ്ടപ്പെടുന്നു. ജലാംശനഷ്ടവും ലവണനഷ്ടവുമാണ് പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നത്. തുടര്‍ച്ചയായ വയറിളക്കം മൂലം രോഗികളുടെ ശരീരത്തില്‍ നിന്ന് ധാരാളം ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയെയാണ് നിര്‍ജലീകരണം എന്ന് പറയുന്നത്. ജലാംശത്തോടൊപ്പം സോഡിയം പൊട്ടാസിയം, ബൈകാര്‍ബണൈറ്റ് തുടങ്ങിയ ലവണ ഘടകങ്ങളും നഷ്ടപ്പെടുന്നു.

ഷിഗല്ല ബാക്ടീരിയ ഉൽപ്പാദിപ്പിക്കുന്ന ഷിഗ ട്ടോക്സിൻ കുടലിനേയും മറ്റവയവങ്ങളേയും ബാധിക്കുകയും അത് മരണകാരമാവുകയും ചെയ്യുന്നു. ചെറിയ രോ​ഗ ലക്ഷണങ്ങളുള്ളവർക്ക് ചികിത്സയുടെ ആവശ്യമില്ല. രണ്ട് ദിവസം മുതൽ ഏഴ് ദിവസം വരെ മാത്രമേ രോ​ഗമുണ്ടാകുകയുള്ളു. എന്നാൽ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കിൽ ഡോക്ടറെ ബന്ധപ്പെടേണ്ടതാണ്. വയറിളക്കത്തോടൊപ്പം നിർജലീകരണം കൂടിയുണ്ടാകുന്നത് പ്രശ്നം ​ഗുരുതരമാക്കും.

Content Highlights; shigella disease in 14 people Kozhikode