കൊച്ചിയിലെ ഷോപ്പിങ് മാളിൽവച്ച് യുവനടിയെ അപമാനിച്ചു; പൊലീസ് അന്വേഷിക്കും

Young Actress reveals that she was molested in Kochi, in a Shopping Mall

കൊച്ചി നഗരത്തിലെ ഷോപ്പിങ് മാളിൽ വെച്ച് രണ്ട് ചെറുപ്പക്കാർ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി യുവനടി. ലുലു മാളില്‍ കുടുംബത്തോടൊപ്പം ഷോപ്പിങിനെത്തിയപ്പോള്‍ പിന്നാലെയെത്തിയ രണ്ട് യുവാക്കള്‍ ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം കടന്നുകളഞ്ഞതായും പിന്നീട് പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചെന്നും യുവനടി സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി. ഇന്നലെ രാത്രിയാണ് ഇതു സംബന്ധിച്ച പോസ്റ്റ് നടി ഇന്‍സ്റ്റഗ്രാമിലൂടെ പരസ്യപ്പെടുത്തിയത്

‘ഞാന്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശബ്ദമുയര്‍ത്തുന്ന വ്യക്തയല്ല. പക്ഷെ ഇന്ന് നടന്ന സംഭവം പറയാതെ, അത് പൊയ്‌ക്കോട്ടെ എന്ന് വിചാരിക്കാന്‍ എനിക്കാകില്ല. ഷോപ്പിങ് മാളിലെ തിരക്കേറിയ സ്ഥലത്തായിരുന്നു സംഭവം. തിരക്കിനിടയിലൂടെ വന്ന യുവാക്കള്‍ ശരീര ഭാഗത്ത് സ്പര്‍ശിച്ചു. ആദ്യം അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. എനിക്ക് പെട്ടെന്ന് പ്രതികരിക്കാനായില്ല. എൻ്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവള്‍ എനിക്കരികില്‍ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു.

Image

എന്നാല്‍ ഊഹിക്കാന്‍ പോലുമാകാത്ത ഒരു കാര്യം നടന്നതിൻ്റെ ഞെട്ടലിലായിരുന്നു ഞാന്‍. അവര്‍ക്കരികിലേക്ക് ചെന്നപ്പോള്‍ അവര്‍ എന്നെ കണ്ടില്ലെന്ന് നടിച്ചു. അവര്‍ക്ക് കാര്യം മനസിലായെന്ന് എനിക്ക് ഉറപ്പായിരുന്നു. പിന്നീട് സാധനങ്ങള്‍ വാങ്ങിയതിൻ്റെ പണം അടയ്ക്കാന്‍ കൗണ്ടറില്‍ നില്‍ക്കുന്ന സമയത്തും അവര്‍ പിന്തുടര്‍ന്നെത്തി സംസാരിക്കാന്‍ ശ്രമിച്ചു. ഞാന്‍ ഏതൊക്കെ സിനിമയാണ് ചെയ്യുന്നതെന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ ഞങ്ങള്‍ അവരോട് സ്വന്തം കാര്യം നോക്കി പോകാന്‍ പറഞ്ഞു.

ഈ സമയത്താണ് അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നത്. അതോടെ അവര്‍ അവിടെ നിന്ന് പോയി. ഈ കുറിപ്പ് എഴുതുമ്പോഴും അവരോട് ഒന്നും പറയാന്‍ പറ്റാതെ പോയതില്‍ വിഷമിക്കുകയാണ്. ഇതാദ്യമായല്ല തനിക്ക് ഇത്തരം അനുഭവം ഉണ്ടാകുന്നത്. പല സന്ദര്‍ഭങ്ങളില്‍ പല രീതിയിലാണ് ഇത് തനിക്ക് നേരിടേണ്ട് വന്നിട്ടുള്ളതെന്നും നടി കുറിച്ചു. ഇത്തരം പുരഷന്മാര്‍ കാരണം തനിക്ക് തൻ്റെ അമ്മയെയും സഹോദരിയെയും സുഹൃത്തുക്കളെയും ഓര്‍ക്കുമ്പോള്‍ ഭയമാണെന്നും നടി.

സംഭവത്തിൽ പരാതിപ്പെടില്ലെന്ന് നടി പറഞ്ഞിരുന്നെങ്കിലും പൊലീസ് സ്വമേധയ കേസെടുത്തു. ഷോപ്പിങ് മാളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും കളമശേരി പൊലീസ് അറിയിച്ചു. 

content highlights: Young Actress reveals that she was molested in Kochi, in a Shopping Mall