സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരായ അന്വേഷണം പൊലീസ് അവസാനിപ്പിച്ചു. കര്‍ദിനാള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം കര്‍ദിനാളിനെതിരെ വൈദികര്‍ ഗുരുതര ഗൂഢാലോചന നടത്തിയെന്ന് വ്യാജരേഖ ചമച്ച കുറ്റപത്രത്തില്‍ അന്വേഷണ സംഘം വ്യക്തമാക്കി. കര്‍ദിനാളിനെ സ്ഥാനത്യാഗം ചെയ്യിക്കാന്‍ പദ്ധതിയിട്ടുവെന്നും കൊച്ചിയിലെ വിയാനി പ്രസില്‍ വച്ചായിരുന്നു ഗൂഢാലോചന നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. വൈദികര്‍ വ്യാജരേഖകള്‍ പ്രചരിപ്പിച്ചത് ഇ- മെയില്‍ വഴിയെന്നും കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മൂന്ന് വൈദികരടക്കം നാല് പേരാണ് പ്രതികള്‍. എറണാകുളം അങ്കമാലി അതിരൂപതയിലെ ഫാദര്‍ ടോണി കല്ലുക്കാരനാണ് കേസിലെ ഒന്നാം പ്രതി. ഫാ. പോള്‍ തേലക്കാട്ടാണ് രണ്ടാം പ്രതി, ബെന്നി മാരാംപറമ്പില്‍ മൂന്നാം പ്രതിയും, സഭാംഗമായ ആദിത്യ വളവി നാലാം പ്രതിയുമാണ്. വന്‍കിട ക്ലബുകളില്‍ അംഗത്വം, വ്യവസായ ഗ്രുപ്പുമായി സാമ്പത്തിക ഇടപാട് എന്നിങ്ങനെയുള്ള തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കര്‍ദിനാളിനെതിരെ പ്രതികള്‍ വ്യാജ രേഖകള്‍ തയ്യാറാക്കിയെന്നാണ് പൊലീസ് കണ്ടെത്തല്‍.
content highlights: No investigation against Cardinal George Alencherry