രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള പനോരമ ചിത്രങ്ങള്‍ പ്രഖ്യാപിച്ചു; മലയാളത്തില്‍ നിന്ന് ആറ് സിനിമകള്‍

Six Malayalam movies selected for Indian Panorama of 51th IFFI

ഇന്ത്യയുടെ 51-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള പനോരമ ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. 23 കഥാചിത്രങ്ങളും (ഫീച്ചര്‍ സിനിമകള്‍) 20 കഥേതര ചിത്രങ്ങളും (നോണ്‍ ഫീച്ചര്‍) അടങ്ങുന്നതാണ് ഇത്തവണത്തെ പനോരമ. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് ലിസ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്ന് അഞ്ച് ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവും ഇടം നേടിയിട്ടുണ്ട്.

അന്‍വര്‍ റഷീദിന്‍റെ ‘ട്രാന്‍സ്’, നിസാം ബഷീറിന്‍റെ ‘കെട്ട്യോളാണ് എന്‍റെ മാലാഖ’, മുഹമ്മദ് മുസ്‍തഫയുടെ ‘കപ്പേള’, പ്രദീപ് കാളിപുറയത്തിന്‍റെ ‘സേഫ്’, സിദ്ദിഖ് പരവൂരിന്‍റെ ‘താഹിറ’, എന്നിവയാണ് ഫീച്ചര്‍ വിഭാഗം പനോരമയിലേക്ക് മലയാളത്തില്‍ നിന്ന് ഇടം പിടിച്ചിരിക്കുന്ന സിനിമകള്‍. മുഖ്യധാരാ സിനിമാ വിഭാഗത്തിലാണ് കപ്പേള ഉൾപ്പെട്ടിരിക്കുന്നത്. ശരണ്‍ വേണുഗോപാലിന്‍റെ ‘ഒരു പാതിരാസ്വപ്നം പോലെ’ ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം. 

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്‍പുത് നായകനായ നിതേഷ് തിവാരിയുടെ ‘ചിച്ചോറെ’, ധനുഷും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെട്രിമാരന്‍റെ തമിഴ് ചിത്രം ‘അസുരന്‍’ തുടങ്ങിയവയും ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ചിട്ടുണ്ട്. 

content highlights: Six Malayalam movies selected for Indian Panorama of 51th IFFI