കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിച്ച സംഭവം: പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് സൂചന

കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. രണ്ട് പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞെന്നാണ് സൂചന. കഴിഞ്ഞ ദിവസം പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായത്.

ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ ചിലര്‍ പോലീസിന് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രതികള്‍ മലപ്പുറം സ്വദേശികളാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. സൈബല്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ച് സംശയിക്കുന്നവര്‍ തന്നെയാണ് പ്രതികളെന്ന് സ്ഥിരീകരിച്ച് അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിന്റെ നീക്കം. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ മാളില്‍ യുവനടിക്കെതിരെ അതിക്രമം നടന്നത്. സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെയാണ് അതിക്രമ വിവരം പുറംലോകത്തെ അറിയിച്ചത്. തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് കേസെടുത്തു.

പ്രതികള്‍ എറണാകുളം ഭാഗത്തു നിന്ന് മാളിലേക്ക് എത്തിയതായാണ് പോലീസ് കരുതുന്നത്. ശേഷം ഇവര്‍ ഇതേ ഭാഗത്തേക്ക് പോയതാണ് പോലീസിന്റെ നിഗമനം. മാളിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് പ്രതികള്‍ മാസ്‌ക് ധരിച്ചാണ് മാളിനുള്ളില്‍ പ്രവേശിച്ചതെന്ന് കണ്ടെത്തിയിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മാളിനുള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ പേരും ഫോണ്‍ നമ്പറും എഴുതി നല്‍കേണ്ടതുണ്ട്. എന്നാല്‍, ഇവര്‍ ഇത് രേഖപ്പെടുത്താന്‍ കൂട്ടാക്കിയിരുന്നില്ല. രണ്ടു പേരില്‍ ഒരാള്‍ കോഴിക്കോട്ടേക്കും മറ്റെയാള്‍ കണ്ണൂരിലേക്കും ടിക്കറ്റെടുത്തിരിക്കുന്നതിനാല്‍ ഈ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച പ്രതികളുടെ ചിത്രം സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറിയിട്ടുണ്ട്. നടി എറണാകുളത്ത് തിരിച്ചെത്തിയാല്‍ ഉടന്‍ മൊഴിയെടുക്കാനാണ് കളമശേരി പൊലീസിന്റെ തീരുമാനം.

Content Highlight: Police Identified culprits who molested in shopping mall