കോഴിക്കോട്: കോഴിക്കോട് കോട്ടാം പറമ്ബില്‍ ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഷിഗെല്ല രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്. വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
അതേസമയം, ജില്ലയില്‍ ഷിഗല്ല രോഗലക്ഷണം റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം അമ്പത് കടന്നു. ഇതേ തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. രോഗം പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.
കോഴിക്കോട് കോട്ടാംപറമ്പില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷിഗല്ല ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ 120 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളിലും ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളില്‍ ഒരാഴ്ച തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. ശനിയാഴ്ച കോട്ടാംപറമ്പില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.
Content Highlight: Preliminary study reports that Shigella disease was spread through water