ന്യൂഡല്‍ഹി: പശ്ചിമഘട്ട മലനിരകള്‍ വന്‍ അപകടത്തിലെന്നു മുന്നറിയിപ്പു നല്‍കി യുനെസ്‌കോ. കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളുടെ ജീവനാഡിയായ പശ്ചിമഘട്ടം അപായ മുനമ്പിലെന്ന് കാണിച്ച് യുനെസ്‌കോ പരിസ്ഥിതി റിപ്പോര്‍ട്ട് പുരത്തു വിട്ടു. അടിയന്തര സംരക്ഷണ നടപടികളുണ്ടായില്ലെങ്കില്‍ ജൈവവൈവിധ്യങ്ങള്‍ക്കൊപ്പം പശ്ചിമഘട്ടത്തെ ആശ്രയിക്കുന്ന ജനതയുടെ ജീവിതം ദുരിതപൂര്‍ണമാകുമെന്നാണ് റിപ്പോര്‍ട്ട്.
പ്രകൃതിസംരക്ഷണത്തില്‍ യുനെസ്‌കോയുടെ ഔദ്യോഗിക ഉപദേശകസമിതിയായ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ.യു.സി.എന്‍.) ആണ് അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ആദ്യമായാണ് പശ്ചിമഘട്ടമെന്ന അപൂര്‍വ ജൈവവൈവിധ്യ മണ്ഡലത്തിന്റെ സംരക്ഷണത്തില്‍ യുനെസ്‌കോ ആശങ്ക അറിയിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ‘ഗൗരവതരമായ ഉത്കണ്ഠ’ വേണ്ട ഇടമായാണ് പശ്ചിമഘട്ടത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍നിന്ന് ഈ പട്ടികയിലുള്ള മറ്റൊരിടം അസമിലെ മനാസ് വന്യജീവിസങ്കേതമാണ്.
പശ്ചിമഘട്ടത്തിന്റെ ജൈവമണ്ഡലം തന്നെ അതിരുകടന്ന ചൂഷണംമൂലം ഭീഷണിയിലാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം, അതിതീവ്ര മഴ-വേനല്‍, ജല-വായു മലിനീകരണം, വിനോദസഞ്ചാര പ്രവൃത്തികള്‍, വനനശീകരണം, വേട്ടയാടല്‍, വനത്തിനുള്ളിലെ റോഡ്-റെയില്‍ പദ്ധതികള്‍, ഡാമുകള്‍, ഖനി-ക്വാറി വ്യവസായങ്ങള്‍, കാട്ടുതീ തുടങ്ങിയവയാണ് പശ്ചിമഘട്ടത്തെ നാശോന്മുഖമാക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനെ മറികടക്കാന്‍ പ്രകൃതിസംരക്ഷണത്തിന് മധ്യ-ദീര്‍ഘകാല പദ്ധതികള്‍ വേണമെന്നാണ് ഐ.യു.സി.എന്നിന്റെ വിലയിരുത്തല്‍.
Content Highlight: UNESCO publishes report in concern with Western Ghats